ഹൈദരാബാദ്: തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെ വൻപ്രതിഷേധം. ജനക്കൂട്ടം കടകളും വീടുകളും കത്തിച്ചതോടെ ജൈനൂർ ടൗണിലാകെ പരിഭ്രാന്തി നിറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
45കാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 31ന് യുവതി വഴിയരികിൽ കിടന്നുറങ്ങുന്നതിനിടെയാണ് പ്രതി ആക്രമിച്ചത്.
ആക്രമണത്തിനിടെ യുവതി ബോധരഹിതയായിരുന്നു. ആദ്യം റോഡപകടമാണെന്നു കരുതിയിരുന്ന പോലീസ്, യുവതിയുടെ ഇളയ സഹോദരൻ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഗോണ്ട് സമുദായത്തിൽപ്പെട്ട യുവതിക്കു ബോധം വന്നപ്പോൾ തനിക്ക് നേരിട്ട ദുരനുഭവം അവർ പോലീസിനോട് വിവരിച്ചു.