കൊല്ലം: യാത്രക്കാരുടെയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള പ്രതിഷേധത്തിനു ഫലം കണ്ടു. ഓണക്കാല സ്പെഷൽ സർവീസ് ദീർഘിപ്പിച്ച് റെയിൽവേ.ബംഗളുരുവിന് സമീപത്തെ യലഹങ്ക സ്റ്റേഷനിൽനിന്ന് എറണാകുളത്തേക്കുള്ള ത്രൈവാര ഗരീബ് രഥ് എക്സ്പ്രസ് സ്പെഷലാണ് 19 വരെ ദീർഘിപ്പിച്ചത്. ഇത് സംബന്ധിച്ച റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇന്ന് പുലർച്ചെയാണ് പുറത്തിറങ്ങിയത്.
ഈ ട്രെയിനിൽ ഏസി ത്രീ ടയർ, ഏസി ചെയർകാർ കോച്ചുകൾ മാത്രമേ ഉണ്ടാകൂ. സർവീസ് ദീർഘിപ്പിച്ചത് ഈ മേഖലയിലെ ആയിരക്കണക്കിന് യാത്രികർക്ക് വലിയ ആശ്വാസമാകും.എറണാകുളം – യലഹങ്ക സ്പെഷൽ ( 06101) എട്ടിനും 18 – നും മധ്യേ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ് നടക്കുക. ഏറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.40 ന് പുറപ്പെടുന്ന വണ്ടി അന്ന് രാത്രി 11 – ന് യലഹങ്കയിൽ എത്തും.
06102 എലഹങ്ക -എറണാകുളം സ്പെഷൽ ഒമ്പതിനും 19-നും മധ്യേ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് നടത്തും. യലഹങ്കയിൽ നിന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന ട്രെയിൻ ഉച്ചകഴിഞ്ഞ് 2-20 ന് എറണാകുളത്ത് എത്തും.
തൃശൂർ, പാലക്കാട്, പോഡന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ് ഫീൽഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. നേരത്തേ എറണാകുളം – യലഹങ്ക സർവീസ് ഇന്നു വരെയും തിരിച്ചുള്ള ട്രെയിൻ നാളെ കൂടിയുമാണ് സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചിരുന്നത്.
അതാണ് ഇപ്പോൾ 19 – വരെ നീട്ടിയിട്ടുള്ളത്. അതേ സമയം കഴിഞ്ഞ മാസം 26-ന് സർവീസ് അവസാനിപ്പിച്ച ബംഗളുരു കന്റോൺമെന്റെ-എറണാകുളം ത്രൈവാര വന്ദേഭാരത് എക്സ്പ്രസ് സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് റെയിൽവേ അധികൃതർ മൗനം തുടരുകയാണ്.
യാത്രക്കാരുടെ സൗകര്യാർഥം മറ്റ് ചില സ്പെഷൽ ട്രെയിനുകളുടെ കാലാവധിയും ദീർഘിപ്പിച്ചിട്ടുണ്ട്.
06085 എറണാകുളം- പട്ന സ്പെഷൽ 13 മുതൽ നവംബർ 29 വരെയും 06086 പട്ന – എറണാകുളം സ്പെഷൽ 16 മുതൽ ഡിസംബർ രണ്ടു വരെയും സർവീസ് ദീർഘിപ്പിച്ചിട്ടുണ്ട്.
06081 കൊച്ചു വേളി – ഷാലിമാർ സ്പെഷൽ 20 മുതൽ നവംബർ 29- വരെയും 06082 ഷാലിമാർ – കൊച്ചുവേളി സ്പെഷൽ 23 മുതൽ ഡിസംബർ രണ്ടു വരെയും ദീർഘിപ്പിച്ചു.
06087 തിരുനെൽവേലി – ഷാലിമാർ സ്പെഷൽ 12 മുതൽ നവംബർ 28 വരെയും 06088 ഷാലിമാർ – തിരുനെൽവേലി സ്പെഷൽ 14 മുതൽ നവംബർ 30 വരെയും സർവീസ് നീട്ടിയിട്ടുണ്ട്.