കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നിലന്പൂർ എംഎൽഎ പി.വി. അൻവറിനെ വീണ്ടും പരസ്യമായി പിന്തുണച്ചു സിപിഎം സഹയാത്രികനായ കെ.ടി. ജലീൽ എംഎൽഎ. ഉപ്പു തിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങുകയുള്ളുവെന്നും എല്ലാ കള്ളനാണയങ്ങളും തുറന്നു കാട്ടപ്പെടുമെന്നുമുള്ള ഫേസ് ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിക്കും പി.വി. അൻവറിനും കെ.ടി. ജലീൽ വീരപരിവേഷം നൽകിയിട്ടുമുണ്ട്.
പി.വി. അൻവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ നേരത്തെയും കെ.ടി. ജലീൽ അൻവറിനു പിന്തുണ നൽകി രംഗത്തെത്തിയിരുന്നു. അൻവർ ഉയർത്തിയ ആരോപണങ്ങളുടെ അലയൊലികൾ അടുത്തകാലത്തൊന്നും നിലയ്ക്കില്ലെന്നാണ് കെ.ടി. ജലീലിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
‘ചരിത്രത്തിലാദ്യമായി 125ലധികം പോലീസ് ഓഫീസർമാരെ അവരുടെ കൈയിലിരിപ്പിന്റെ ഗുണം കൊണ്ടു സർവീസിൽനിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികൾ ആ ധീര സഖാവിൽനിന്നു ഒരു തരിന്പു പോലും അനുകന്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്കു സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും.
പി.വി. അൻവർ എംഎൽഎ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ. അതല്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ. അപ്പോൾ കാണാം സംഘികൾ കലക്കിയാൽ കലങ്ങാത്ത ‘തൃശൂർപൂരം’.വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാന്മാർ കുടുങ്ങും. സംശയം വേണ്ട. എല്ലാ കള്ളനാണയങ്ങളും തുറന്നു കാട്ടപ്പെടും.
ഒരിറ്റുദയപോലും അർഹിക്കാത്ത പോലീസ് ‘പ്രമുഖൻമാർ’ തത്സ്ഥാനങ്ങളിൽനിന്നു തൂത്തെറിയപ്പെടും. കാക്കിയുടെ മറവിൽ എന്തും ചെയ്തു തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകൾക്ക് അന്ത്യം കുറിക്കപ്പെട്ടു കഴിഞ്ഞു. ചുമരുകൾക്കു ജീവനുള്ള കാലമാണിത്. ദൈവത്തിന്റെ കണ്ണുകൾ എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്.
സ്വർണ്ണക്കടത്തിൽ പങ്കാളികളായവരുടെ സാന്പത്തിക സ്രോതസുകൾ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ ഏതു കടലിൽ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കുക. നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവർത്തകരുടെ ഒളിക്കാമറകൾ.
എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല- കെ.ടി. ജലീലിന്റെ പോസ്റ്റിൽ പറയുന്നു. മുഖ്യമന്ത്രിയെ കണ്ടതോടെ പി.വി. അൻവർ അടങ്ങിയെന്ന അഭ്യൂഹങ്ങൾക്കിടെയാണ്, ഇവിടം കൊണ്ടൊന്നും വിഷയങ്ങൾ തീരില്ലെന്നു കെ.ടി. ജലീൽ മുന്നറിയിപ്പു നൽകുന്നത്.