തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയെ കണ്ടെന്ന് സമ്മതിച്ച് എഡിജിപി എം.ആർ. അജിത്കുമാർ. സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി.
സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാന്പിനിടെയായിരുന്നു കൂടിക്കാഴ്ച.
2023 മേയിലാണ് ദത്താത്രേയ എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലേയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു സതീശന്റെ ആരോപണം.
ഹൊസബലേയുമായി എഡിജിപി പാറമേക്കാവില്‍വച്ച് കൂടിക്കാഴ്ച നടത്തി. തൃശൂരിലെ ആര്‍എസ്എസ് ക്യാമ്പിനിടെ ഇവര്‍ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി. ഇതാണ് പൂരം കലക്കുന്നതിലേക്ക് നയിച്ചതെന്നും സതീശൻ പറഞ്ഞിരുന്നു.
പൂരത്തിന് കമ്മീഷണര്‍ അഴിഞ്ഞാടിയപ്പോള്‍ തൃശൂരില്‍ ഉണ്ടായിട്ട് പോലും എഡിജിപി ഇടപെട്ടില്ല. ആര്‍എസ്എസുമായി മുഖ്യമന്ത്രിക്ക് അവിശുദ്ധ ബന്ധമുണ്ട്. ഇതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നത്.
കൃത്യമായ ആസൂത്രണത്തോടെയാണ് പൂരം കലക്കിയത്. ഹൈന്ദവ വികാരം ഉയര്‍ത്തി മുഖ്യമന്ത്രി ബിജെപി സ്ഥാനാർഥിയെ തൃശൂരില്‍ ജയിപ്പിച്ചുവെന്നും സതീശൻ ആരോപിച്ചിരുന്നു.