ഇന്ത്യയാണു ദോശയുടെ ജന്മനാടെങ്കിലും മിക്ക രാജ്യങ്ങളിലും ഇപ്പോൾ ദോശ കിട്ടും. ഇത്രയും രൂപവ്യത്യാസങ്ങളിൽ കാണപ്പെടുന്ന മറ്റൊരു വിഭവം ലോകത്തുതന്നെ ഇല്ലെന്നു പറയാം. അവയിൽ പലതും നമ്മൾ കാണുകയും തിന്നുകയും ചെയ്തിട്ടുണ്ടാകും.
എന്നാൽ, മലേഷ്യയിലെ ഒരു റസ്റ്ററന്റിൽ വിളന്പിയ സൈസ് ദോശ ആരും കണ്ടിട്ടുണ്ടാകില്ല, കഴിച്ചിട്ടുമുണ്ടാകില്ല. ദോശയുടെ നീളമാണു ശ്രദ്ധ പിടിച്ചുപറ്റിയത്. കുഴൽപോലെ ചുരുട്ടിയ ഈ ദോശ കുത്തിനിർത്തിയാൽ ഏതാണ്ട് ഒരാൾ പൊക്കംവരും. നീളൻ ദോശ കഴിച്ചവർക്കെല്ലാം ഒരേ അഭിപ്രായം: അടിപൊളി…!!
മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ പ്രവർത്തിക്കുന്ന ടിജിഎസ് നാസി കന്ദാർ എന്ന ഇന്ത്യൻ റസ്റ്ററന്റിലെ സ്പെഷൽ വിഭവങ്ങളിലൊന്നാണ് ഈ ന്യൂജൻ ദോശ. ഇൻസ്റ്റഗ്രാമിലുള്ള ഇതിന്റെ വീഡിയോയിൽ റസ്റ്ററന്റിലെ ജീവനക്കാരൻ ദോശ വിളന്പുന്നതും ദോശ കണ്ട് ആളുകൾ അന്പരക്കുന്നതും കാണാം.