പയ്യന്നൂര്‍: ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തും ടാസ്ക് പൂര്‍ത്തീകരിച്ചാല്‍ ലാഭം ലഭിക്കുമെന്നും പറഞ്ഞ് 9.28 ലക്ഷത്തോളം രൂപ വഞ്ചിച്ചതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍ കൊറ്റിയിലെ മുപ്പതുകാരിയുടെ പരാതിയിലാണ് മുംബൈയിലെ കോയിന് ഡിസിഎക്സ് എന്ന ഓണ്‍ലൈന്‍ കമ്പനിയുടമക്കെതിരെ കേസെടുത്തത്. കഴിഞ്ഞമാസം 13 മുതല്‍ ഈമാസം ഒന്നുവരെയുള്ള ദിവസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോയിന് ഡിസിഎക്സ് എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി നല്‍കാമെന്നും ഇതിലൂടെ അധികലാഭമുണ്ടാക്കാമെന്നുമുള്ള വാഗ്ദാനമായിരുന്നു ആദ്യമുണ്ടായത്.
ഇതിനായി കമ്പനി അയക്കുന്ന ടാസ്കുകള് പൂര്‍ത്തീകരിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ചു. ഓരോ ടാസ്ക്കും ലഭിക്കുന്നതിനനുസരിച്ച് വിവിധ അക്കൗണ്ടുകളില്‍നിന്നായി 9,28,440 രൂപ ഓണ്‍ലൈന്‍ കമ്പനി നല്കിയ അക്കൗണ്ടുകളിലേക്കെത്തിയിരുന്നു.
കമ്പനി വാഗ്ദാനം ചെയ്ത ജോലിയും വാഗ്ദാനം ചെയ്ത ലാഭവും ലഭിക്കാതെ വന്നപ്പോഴാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.