ചെറുതാണെങ്കിലും പാറ്റ എന്ന ജീവിയെക്കൊണ്ടുള്ള ശല്യം വലുത് തന്നെയാണ്. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ചൈനയിൽ റിപ്പോർട്ട് ചെയ്തതും. പാറ്റ കാരണം ജീവൻ നഷ്ടപ്പെടേണ്ട അവസ്ഥ വരെ സംഭവങ്ങൾ എത്തി. രാത്രി ഉറങ്ങിക്കിടന്ന ആളിന്റെ ശ്വാസനാളത്തിൽ കയറി കുടുങ്ങുകയായിരുന്നു പാറ്റ.
ഹെനാൻ പ്രവിശ്യയിലെ താമസക്കാരനായ ഹൈക്കൗ എന്ന 58 കാരന്റെ മൂക്കിലാണ് ഉറങ്ങിക്കിടന്നപ്പോൾ പാറ്റ കയറിയത്. മൂക്കിൽ കുടുങ്ങിയ പാറ്റ ഇയാൾ ശ്വാസം എടുത്തപ്പോൾ അകത്തേക്ക് കയറിയതായിരിക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഉറക്കത്തിൽ നിന്ന് അസ്വസ്ഥത കാരണം ഹൈക്കൗ ഉണർന്നപ്പോൾ തൊണ്ടയ്ക്കുള്ളിലേക്ക് എന്തോ അരിച്ചിറങ്ങുന്നതുപോലെ ഇയാൾക്ക് തോന്നുകയായിരുന്നു. എന്നാൽ പിന്നീട് അസ്വസ്ഥതകളൊന്നും തോന്നാത്തതിനാൽ അത് കാര്യമാക്കാതെ വീണ്ടും ഉറങ്ങി.അടുത്ത ദിവസം ഉറക്കം ഉണർന്നപ്പോൾ ഇയാളുടെ വായിൽ നിന്ന് അതിരൂക്ഷമായ ഗന്ധം അനുഭവപ്പെടുകയും ചെയ്തു.
ദിവസങ്ങൾ പിന്നിടുമ്പോൾ ആരോഗ്യനില വഷളായി വന്നു. ഒടുവിൽ അതികഠിനമായ ചുമ അനുഭവപ്പെട്ടതോടെ ഡോക്ടറെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടു. തുടർന്ന് നടത്തിയ സിടി സ്കാനിലാണ് ശ്വാസനാളത്തിൽ കുടുങ്ങിയ നിലയിൽ പാറ്റയെ കണ്ടെത്തിയത്.
പിന്നാലെ ഒരു മണിക്കൂർ നീണ്ട മെഡിക്കൽ നടപടിക്രമങ്ങൾക്ക് ശേഷം അഴുകിയ അവസ്ഥയിലുള്ള പാറ്റയെ പുറത്തെടുത്തു. ഹൈക്കൗവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.