ഹരിപ്പാട്: ക്ലാസ്മുറി വിട്ട് നാല്പത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒത്തുകൂടി. പഴയ പ്രീ ഡിഗ്രി വിദ്യാര്‍ഥികളായി മാറിക്കൊണ്ട് ഓര്‍മച്ചെപ്പുകള്‍ തുറന്നു. നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജിലെ 1978-80 എഫ് ബാച്ച് പ്രീഡിഗ്രി കുട്ടികളാണ് വീണ്ടും ഓര്മ പുതുക്കാന്‍ ഒത്തുകൂടിയത്. 72 പേര് പഠിച്ചിരുന്ന ക്ലാസിലെ 59 പേരെയാണ് കൂട്ടായ പരിശ്രമത്തിലൂടെ അവര്‍ കണ്ടെത്തിയത്. വിദേശത്തും ഇതര സംസ്ഥാനങ്ങളിലും താമസിക്കുന്നവരൊഴിച്ച് 42 പേര് ഓര്‍മച്ചെപ്പ് തുറക്കാനെത്തി.
കൂടെ പഠിച്ചവരില്‍ ജീവിച്ചിരിപ്പില്ലാത്ത ഒന്‍പതു പേരെ സ്മരിച്ചുകൊണ്ടാണ് ഒത്തുകൂടലിനു തുടക്കം കുറിച്ചത്. കൂടെ പഠിച്ചവരാണെങ്കിലും പരസ്പരം തിരിച്ചറിയാനാകാത്ത വിധം ഭൂരിപക്ഷം പേരും രൂപത്തിലും ഭാവത്തിലും മാറിക്കഴിഞ്ഞിരുന്നു. പേരുകള്‍ പറഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞ് കൂട്ടുകാര്‍ സ്നേഹം പങ്കുവച്ചത്.
വിവിധ സ്ഥാനങ്ങളില്‍ വ്യാപരിച്ചവര്‍. കര്‍മരംഗങ്ങളില്‍ ഇപ്പോഴും സജീവമായി തുടരുന്നവര്‍, എല്ലാവരും പരസ്പരം അറിയാനും അറിയിക്കാനും കുട്ടികളെപ്പോലെ മത്സരിച്ചു. മുത്തശിമാരും മുത്തച്ഛന്മാരുമായവരും ഏറെ. ഓണനാളായതിനാല് അത്തപ്പൂക്കളമൊരുക്കിക്കൊണ്ടാണ് ഓര്മച്ചെപ്പിന് മാറ്റുകൂട്ടിയത്. പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍, അനുഗ്രഹിക്കാന്‍ അധ്യാപികമാരായ ഐഷ ടീച്ചറും ഗീത ടീച്ചറും എത്തിയിരുന്നു.
പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും കുട്ടികള്‍ ഗുരുവന്ദനവും നടത്തി. അധ്യാപികമാര്‍ തിരിതെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. 44 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലാസിലിരുന്ന കുട്ടികളുടെ മുന്നില്‍ നില്‍ക്കുന്നതിലെ സന്തോഷവും അനുഭവങ്ങളും അധ്യാപികമാരും പങ്കുവച്ചു.
കെ.ജി. മഹാദേവന്, ശ്രീകുമാര്‍ മോഹന്‍, ഏവൂര്‍ വിജയമോഹന്, കരുവാറ്റ ജയപ്രകാശ്, മഞ്ജുള ഡി.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാജു, ഗീതാ ബാബു, വിജയപ്പന്, രഘു, അജിത, അനിത, സൂസന് തുടങ്ങിയവര്‍ നേതൃത്വം നല്കി. വിവിധ കലാപരിപാടികളും നടന്നു.