തിരുവനന്തപുരം: എഡിജിപി അജിത്കുമാറിനെതിരേ ഭരണകക്ഷി എംഎൽഎയുടെയും പ്രതിപക്ഷ നേതാവിന്റെയും ആരോപണങ്ങളെ തുടർന്ന് സമ്മർദത്തിലായ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ തന്നെ മൗനം വെടിഞ്ഞേക്കുമെന്നു റിപ്പോർട്ട്. അടുത്ത ദിവസം അദ്ദേഹം മാധ്യമപ്രവർത്തകരെ കാണുമെന്നാണ് ലഭിക്കുന്ന സൂചന.
ഇന്നോ നാളെയോ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയേക്കുമെന്നാണറിയുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപി. എം.ആർ. അജിത്ത് കുമാറിനെതിരേ ഓരോ ദിവസവും പി.വി. അൻവർ എംഎൽഎ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം ചോദ്യങ്ങളുമായി രംഗത്തെത്തുകയും പ്രധാന ഘടകക്ഷിയായ സിപിഐ യും എഡിജിപിക്കെതിരേ ശക്തമായി പ്രതികരിച്ചതും സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കാൻ നിർബന്ധിതനാകുന്നത്.
ആർഎസ്എസ് നേതാക്കളുമായി എഡിജിപി. അജിത്ത് കുമാർ കൂടിക്കാഴ്ച നടത്തിയതിനെ ചൊല്ലിയാണ് വലിയ വിവാദം. കൂടിക്കാഴ്ചയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയെങ്കിലും സിപിഐ അടങ്ങിയിട്ടില്ല. എഡിജിപിയെ മാറ്റണമെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.
ആർഎസ്എസ് നേതാവ് ദത്താത്രെയെ ഹൊസബാളയെ തൃശൂരിൽ വച്ചും മറ്റൊരു ആർഎസ്എസ് നേതാവായ റാം മാധവിനെ കോവളത്തെ ഹോട്ടലിൽ വച്ചും എഡിജിപി രഹസ്യമായി കൂടിക്കാഴ്ച നടത്തിയ വിവരങ്ങൾ പുറത്ത് വന്നതാണ് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്യുന്നത്.
സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങളിൽ ആഭ്യന്തരവകുപ്പിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും നിശിത വിമർശനങ്ങളാണ് ഓരോ ദിവസവും ഉയർന്ന് കൊണ്ടിരിക്കുന്നത്. എഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി മടിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചും പലതരത്തിലുള്ള ഉൗഹാപോഹങ്ങളാണ് ഓരോ ദിവസവും പ്രചരിക്കുന്നത്.
അതേ സമയം എഡിജിപിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ ആരോപണങ്ങളെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഡിജിപിയോട് അന്വേഷണ വിവരങ്ങളും സമകാലീന സംഭവവികാസങ്ങളും റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയും ഇന്റലിജൻസ് മേധാവിയും ക്രൈംബ്രാഞ്ച് മേധാവിയും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്.ആരോപണങ്ങളെ തുടർന്ന് എഡിജിപി. അജിത്ത് കുമാർ അവധിയിലാണ്. നേരത്തെ അവധിക്ക് അപേക്ഷ സമർപ്പിച്ചിരുന്നുവെന്നാണ് ഒൗദ്യോഗിക വിശദീകരണം.
ആർഎസ്എസ് നേതാവിനെ തൃശൂരിലെ ഹോട്ടലിൽ വച്ച് കണ്ടത് സ്വകാര്യ സന്ദർശനമായിരുന്നുവെന്ന എഡിജിപിയുടെ വിശദീകരണം സിപിഐ ഉൾപ്പെടെയുള്ള ഘടകക്ഷികൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും അജിത്ത് കുമാറിനെ മാറ്റണമെന്ന അഭിപ്രായക്കാരാണ്.
ചുമതല ഒഴിയാൻ തയാറാണെന്ന് കാട്ടി എഡിജിപി അജിത്ത് കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് അജിത്ത് കുമാർ മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.