കോഴിക്കോട്: മാളുകളൊക്കെ എത്ര വന്നെങ്കിലെന്താ മിഠായിതെരുവിലെ വൈബ് വേറെ എവിടെയെങ്കിലും ഉണ്ടോ… ഇല്ലെന്നതാണ് സത്യം. കോഴിക്കോടിന്റെ വ്യാപാര സിരാകേന്ദ്രമായ മിഠായിത്തെരുവില്‍ ഉത്സവങ്ങള്‍ എന്തുമായിക്കോട്ടെ തിരക്കിന് ഒരു കാലത്തും കുറവുണ്ടാകാറില്ല.
തെരുവിലൂടെ നടന്ന വിപണിയില്‍ നിന്നും വിലപേശി സാധനങ്ങള്‍ വാങ്ങുമ്പോഴുള്ള സുഖം മറ്റെവിടെയും കിട്ടില്ലെന്ന് സാധാരണക്കാര്‍ പറയുന്നു. എല്ലാവരുടെയും ബജറ്റിനനുസരിച്ചുള്ള സാധനങ്ങള്‍ ഇവിടെയുണ്ട്… ഒരു കടയില്‍ നിന്നും മറ്റൊന്നിലേക്ക്…അങ്ങിനെ അങ്ങിനെ, പര്‍ച്ചേഴ്സ് നീണ്ടുപോകും. ഇത്തവണയും തിരക്ക് കുറവുണ്ടാകില്ല.
ഇന്നലെ മുതല്‍ തന്നെ ഓണാഘോഷം മിഠായിത്തെരുവില്‍ തുടങ്ങി കഴിഞ്ഞു. തെരുവിലൂടെ വെറുതെ നടക്കുന്നവരെപ്പോലും കടകളിലേക്ക് ആകര്ഷിക്കുന്നവിധമാണ് വിളിച്ചുപറയല്‍ ടീമിന്റെ പ്രകടനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ബുക് സ്റ്റാളുകള്‍, ഹല്‍വ കടകള്‍, കൂള്‍ ബാറുകള്‍ തുടങ്ങി തെരുവില്‍ എത്തിയാല്‍ പിന്നെ കിട്ടാത്തതായി ഒന്നിമില്ല. രാത്രിവരെ കച്ചവടം നീണ്ടുനില്‍ക്കും.
വാഹനങ്ങള്‍ തെരുവിലേക്ക് കടത്തിവിടാതായതോടെ പിറകില്‍ നിന്നുള്ള ഹോണടി ഭയക്കാതെ സുഖമായി കാഴ്ചകള്‍ കണ്ട് തെരുവിലൂടെ നടക്കാം.വറുത്തുപ്പേരിയും ശര്‍ക്കരയുപ്പേരിയും കൂടാതെയുളള ഒരോണാഘോഷം കോഴിക്കോട്ടുകാര്‍ക്ക് ആലോചിക്കാന്‍ വയ്യ.
അതുകൊണ്ടുതന്നെ കായവറുത്തത് ഉണ്ടാക്കുന്ന തിരക്ക് ബേക്കറികളില്‍ നേരത്തെ തുടങ്ങി. ബേക്കറികളില്‍ ഇപ്പോള്‍ തന്നെ തിരക്ക് തുടങ്ങി. ഗൃഹോപകരണങ്ങള്‍ വിലക്കുറവില്‍ വാങ്ങാനുള്ള അവസരമായാണ് ഓണക്കാലത്തെ പലരും കാണുന്നത്. അതും മിഠായിത്തെരുവില്‍ റെഡിയാണ്.