കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേര് നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരിക്ക്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണു വാഹനാപകടമുണ്ടായത്. ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ ഒന്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി രക്ഷപ്പെട്ടു.
കൽപ്പറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോൾ പിടിച്ചുനിൽക്കാൻ ജെൻസന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുന്പ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.