തൃശൂർ: പൂരം കലക്കിയ വിവാദം കൊടുന്പിരി കൊള്ളുന്നതിനിടെ പുലിമടകളിൽ ചെന്ന് മീറ്റിംഗ് നടത്താനൊരുങ്ങി പോലീസ്. നാലോണനാളിൽ തൃശൂർ നഗരത്തിൽ നടക്കുന്ന പുലിക്കളിയുടെ ചരിത്രത്തിലാദ്യമായാണ് പോലീസ് പുലികളി ടീമുകളെ അവരുടെ മടകളിൽ ചെന്നു കണ്ട് യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്നത്.
പുലികളിക്കെത്തുന്ന ഓരോ സംഘത്തെയും പ്രത്യേകം പ്രത്യേകം ചെന്ന് കണ്ടാണ് യോഗം. എസിപി, സിഐ, എസ്ഐ എന്നിവരടങ്ങുന്ന പോലീസ് സംഘമായിരിക്കും യോഗത്തിൽ പങ്കെടുക്കുക.
പുലിക്കളി ടീമുകൾക്ക് പോകേണ്ട വഴി സംബന്ധിച്ചും റൗണ്ടിൽ കയറേണ്ട സമയക്രമത്തെക്കുറിച്ചും മറ്റുമായിരിക്കും പോലീസ് ചർച്ച ചെയ്യുകയെന്നാണ് സൂചന. ഏഴു ടീമുകളാണ് ഇത്തവണയുള്ളത്.
പുലികളിയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലീസ് ഇതാദ്യമായി വിശദമായ യോഗം നടത്താനൊരുങ്ങുന്പോൾ പുലിക്കളി പ്രേമികൾ ആശങ്കയിലാണ്.
തൃശൂർ പൂരം നിയന്ത്രണങ്ങളും നിബന്ധനകളും കൊണ്ട് അക്ഷരാർഥത്തിൽ “കലക്കിയ’’ പോലീസ് പുലികളിയുടെ നിയന്ത്രണം ഏറ്റെടുത്ത് പുലികളി കൂടി കലക്കുമോ എന്ന ആശങ്ക പരക്കെയുണ്ട്