തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതി നിർദേശിച്ചതനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറിയത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാനാണ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയില്‍ സിനിമാനയത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. അന്വേഷണത്തിന്റെ പേരില്‍ സ്വകാര്യതയുടെ ലംഘനം ഉണ്ടാവരുതെന്നും ഹേമ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളും ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മൊഴി നൽകിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതോടൊപ്പം റിപ്പോർട്ടിന്മേൽ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും സർക്കാരിന്റെ തുടർനടപടികളെന്ന് സൂചനയുണ്ട്.കേസ് അടുത്ത തവണ കോടതി പരിഗണിക്കുമ്പോൾ ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യം സർക്കാർ കോടതിക്കു മുന്നിൽ വയ്ക്കും.