ചിങ്ങം തുടങ്ങിയാൽപ്പിന്നെ ഓണ നാളിലേക്കുള്ള ഓട്ടപ്പാച്ചിലിലാണ് ആളുകൾ. കാണം വിറ്റും ഓണം ഉണ്ണണമെന്നല്ലേ പഴമക്കാർ പറയാറുള്ളത്. അത്തം പുലർന്നാൽ പിന്നെ പത്തു ദിവസത്തേക്ക് പൂക്കളം ഇടണെന്ന ആവേശത്തിലും ആരവത്തിലുമാണ് നമ്മൾ.
ഓരോ ദിവസവും ഏത് ഡിസൈനിൽ പൂക്കളം തീർക്കുമെന്ന ആശങ്കയും ചില്ലറയല്ല. പണ്ടത്തെപ്പോലെ തൊടിയിൽ നിന്നും പിച്ചിക്കൊണ്ടു വരുന്ന പൂക്കളാൽ നിർമിതമായ പൂക്കളത്തിന്റെ പ്രൗഡിയോ മഹത്വമോ ഇന്നത്തെ നൂറ്റാണ്ടിലെ ആളുകൾക്കില്ലന്ന് അക്ഷരാർഥത്തിൽ പറയാം.
എന്നാൽ അതിൽ നിന്ന് വ്യത്യസ്തയാവുകയാണ് പനച്ചിക്കലിലെ സൗമ്യ ടീച്ചർ. ടീച്ചറിന്റെ വീടിന്റെ മട്ടുപ്പാവിൽ വിടർന്നുനിൽക്കുന്ന ബന്ദിപ്പൂക്കൾ കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ഇവിടെ പൂവിട്ടുനിൽക്കുന്ന മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കൾ മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്.
പൂക്കളെ ഏറെ ഇഷ്ടപ്പെടുന്ന സൗമ്യ മഹേഷ് പരീക്ഷണം എന്ന നിലയിലാണ് ബന്ദിപ്പൂക്കൾ കൃഷി ചെയ്തത്. 240 ബന്ദിച്ചെടികളാണ് തൊടുപുഴ കാഡ്സിൽനിന്നു വാങ്ങി ഗ്രോബാഗിൽ നട്ടു വളർത്തിയത്.
രണ്ടു മാസംകൊണ്ട് ചെടികൾ പൂവിട്ടു.ഈരാറ്റുപേട്ട ജിഎച്ച്എസ്എസിലെ അധ്യാപികയായ സൗമ്യ പൂക്കളോടുള്ള ഇഷ്ടത്താലാണ് ടെറസിൽ പൂകൃഷിയൊരുക്കിയത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് മഹേഷും മക്കളായ ആരോണും അമേയയും പൂ കൃഷിക്ക് സഹായവുമായി സൗമ്യക്കൊപ്പമുണ്ട്.
ഓറഞ്ചും മഞ്ഞയും നിറമുള്ള ബന്ദിപ്പൂക്കളുടെ വർണ വിസ്മയം കണ്ടറിയാൻ നിരവധി പേരാണ് സൗമ്യയുടെ വീട്ടിലെത്തുന്നത്. ഓണക്കാലത്ത് ഇനി പൂക്കൾ പറിക്കാൻ ടീച്ചറിനു തൊടിയോ കടയോ കയറിയിറങ്ങേണ്ട. മട്ടുപ്പാവിലേക്കൊരൊറ്റ ചുവടു വച്ചാൽ കുട്ട നിറയെ കിട്ടും ബന്ദിപ്പൂക്കൾ.