കോഴിക്കോട്: നൂറുകണക്കിനാളുകൾ മരണമടഞ്ഞ വയനാട് മുണ്ടക്കെ പുഞ്ചിരിമട്ടത്തുണ്ടായ ഉരുൾപൊട്ടലിന്റെ പേരിൽ നടത്തിയ ദുരിതാശ്വാസനിധി ശേഖരണത്തിൽ വെട്ടിലായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം.
ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ പണം തട്ടിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സസ്പെൻഡു ചെയ്തതോടെ ആരോപണം ശരിയെന്നു തെളിഞ്ഞിരിക്കുകയാണ്. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ് ഈ നടപടി.
യൂത്ത് കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ പരാതിയിൽ കഴന്പില്ലെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അതേ പരാതിയിൽ കഴന്പുണ്ടെന്നു കണ്ടു പ്രവർത്തകനെതിരേ ഡിസിസിയുടെ നടപടി. പണപ്പിരിവ് സംബന്ധിച്ച പരാതിയിൽ കഴന്പുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോഴിക്കോട് ഡി സിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാർ പറയുന്നു.
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ, കോണ്‍ഗ്രസ് പ്രവർത്തകനായ അനസ് എന്നിവർ പിരിവ് നടത്തി പണം വകമാറ്റിയെന്നായിരുന്നു പരാതി.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലംപ്രസിഡന്റ് അമൽ ദിവാനന്ദ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ കോഴിക്കോടെത്തി അന്വേഷണം നടത്തിയ ശേഷം പരാതിയിൽ കഴന്പില്ലെന്നാണ് റിപ്പോർട്ട് നൽകിയത്.
എന്നാൽ ചേളന്നൂരിലെ പണപ്പിരിവ് സംബന്ധിച്ച പരാതിയിൽ വസ്തുതയുണ്ടെന്നാണ് കോഴിക്കോട് ഡിസിസിക്കു ലഭിച്ച റിപ്പോർട്ട്. ഇതേ തുടർന്ന് നേതൃത്വം ചേളന്നൂരിലെ പ്രവർത്തകനായ അനസിനെ സസ്പെൻഡു ചെയ്തു.
ആരോപണ വിധേയർക്കെതിരേ നടപടി സ്വീകരിക്കുന്നതിനു പകരം പരാതിക്കാരെ പിൻതുണച്ചതിനു യൂത്ത് കോണ്‍ഗ്രസ് എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആഷികിനെ ജാഗ്രതക്കുറവ് കാട്ടിയെന്നു പറഞ്ഞ് സംസ്ഥാന നേതൃത്വം സസ്പെൻഡു ചെയ്തതു വിവാദത്തിനു വഴിതെളിച്ചിരുന്നു.
പ്രതികരിച്ചവരെ ഒതുക്കുന്ന രീതി സ്വീകരിച്ച യൂത്ത്കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയും കോഴിക്കോട് ഡിസിസിയുടെ നടപടിയോടെ പാർട്ടിക്കുള്ളിൽ ചൂടേറിയ ചർച്ചയായിരിക്കുകയാണ്.