വിവാഹപ്പരസ്യത്തിൽ ഉത്തരേന്ത്യൻ യുവതി ഉന്നയിച്ച ഡിമാൻഡുകൾ കണ്ട് അന്തം വിട്ടിരിക്കുകയാണു സോഷ്യൽ മീഡിയ. എംഎ-ബിഎഡ് യോഗ്യതയുള്ള വിവാഹമോചിതയാണു യുവതി. അവരുടെ വാർഷികവരുമാനമാകട്ടെ 1.3 ലക്ഷം. വരന് യുവതി നിശ്ചയിച്ചിരിക്കുന്ന യോഗ്യതകളും യുവതിയുടെ ആവശ്യങ്ങളും ചുവടെ:
ഞാൻ വിവാഹമോചിതയാണെങ്കിലും വരൻ രണ്ടാംകെട്ടുകാരനാകരുത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഇന്ത്യയിലാണെങ്കിൽ 30 ലക്ഷം രൂപ വാർഷിക വരുമാനം വേണം. വിദേശത്താണെങ്കിൽ 80 ലക്ഷം.
തന്റെ മാതാപിതാക്കൾക്കു മൂന്നു മുറികളുള്ള വീടു വാങ്ങി നൽകണം. മാത്രമല്ല, അവരുടെ ചെലവിനായി പതിനായിരങ്ങൾ മാസം നൽകണം. തീർന്നില്ല, ആഡംബര കാറുകൾ വേണം. ധാരാളം യാത്രകൾ ചെയ്യാൻ അനുവദിക്കണം. യാത്രാവേളകളിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ മാത്രമേ താമസിക്കൂ. കഴിക്കാൻ ഫൈവ് സ്റ്റാർ ഫുഡ് നിർബന്ധം. പാചകം, വസ്ത്രം കഴുകൽ ഉൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യില്ല. അതിനെല്ലാം പ്രത്യേകം ജോലിക്കാരെ വീട്ടിൽ നിയമിക്കണം.
ഇതിലൊക്കെ പ്രധാനം മറ്റൊരു നിബന്ധനയാണ് – ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കില്ല. അമ്മായിയമ്മയോടൊപ്പം ഒരു ദിവസംപോലും കഴിയില്ല. അവരെ പരിചരിക്കാൻ തീരെ താത്പര്യമില്ല. അവരുടെ ആരോഗ്യകാര്യങ്ങൾ നോക്കാൻ ജോലിക്കാർ വേറെ വേണം. സമൂഹമാധ്യമങ്ങളിൽ വൈറലായ പോസ്റ്റിന് യുവതിയെ പൊങ്കാലയിടുന്ന കമന്റുകളാണ് ഏറെയും ഉണ്ടായത്.