സഹിക്കുന്നതിനും ഒരു പരിധിയില്ലേ. കുംബുകയ്ക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു. സന്ദര്‍ശകര്‍ എല്ലാം തന്റെ രൂപത്തെ നോക്കി ചിരിക്കുന്നത് ആര്‍ക്കും ഇഷ്ടപ്പെടില്ലല്ലോ. ഇവിടെ കുംബുക എന്നത് മനുഷ്യനല്ല കേട്ടോ. അതൊരു ഗറില്ലയാണ്. അങ്ങ് ലണ്ടനിലാണ് സംഭവം. മൃഗശാലയിലെത്തിയ സന്ദര്‍ശകര്‍ കളിയാക്കിയതിനെ തുടര്‍ന്ന് ഗറില്ല മൃഗശാലയുടെ ചില്ല് ഗ്ലാസുകള്‍ അടിച്ച് പൊട്ടിച്ച് പുറത്ത് ചാടിയത്.
18 വയസുള്ള ആണ്‍ ഗറില്ലയാണ് കുംബുക. ഒന്നര മണിക്കൂറെടുത്ത് നടത്തിയ തീവ്രശ്രമത്തിലൂടെ സായുധ പൊലീസ് ഗറില്ലയെ കീഴടക്കി. ഗറില്ലയെ കളിയാക്കരുതെന്ന് കാഴ്ചക്കാരോട് മുന്നറിയിപ്പേകിയിരുന്നു. സന്ദര്‍ശകര്‍ മുന്നറിയിപ്പ് അവഗണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സംഭവത്തെ തുടര്‍ന്ന് ഈ മൃഗശാലയില്‍ മൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന സംവിധാനത്തിന്റെ സുരക്ഷയെക്കുറിച്ച് കനത്ത ആശങ്കയാണുയരുന്നതെന്നും അതിനാല്‍ ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ബോണ്‍ ഫ്രീ ഫൗണ്ടഷന്‍ ചാരിറ്റിയിലെ അനിമല്‍ വെല്‍ഫെയര്‍ ആന്‍ഡ് കെയര്‍ ആവശ്യപ്പെട്ടു.
ഗറില്ല കൂട് തകര്‍ത്ത് പുറത്തിറങ്ങുന്ന വീഡിയോ ആ സമയത്ത് അവിടം സന്ദര്‍ശിച്ചിരുന്ന വെറ്ററിനറി വിദ്യാര്‍ഥിയായ ചോലോയ് ഹുഗ്‌സ് പുറത്ത് വിട്ടിട്ടുണ്ട്. തങ്ങള്‍ കുറേ നേരം ആ ഗറില്ലയെ നോക്കി നില്‍ക്കുകയായിരുന്നു വെന്നും ആളുകളുടെ കളിയാക്കലില്‍ ഗറില്ല അസ്വസ്ഥനായിരുന്നുവെന്നും ഹുഗ്‌സ് പറയുന്നു. സംഭവം രാജ്യാന്തര ശ്രദ്ധ ആകര്‍ഷിച്ചതോടെ കുംബുകയെ കാണാനുള്ള തയ്യാറെടുപ്പിലാണ് പലരും.