കായംകുളം : അപകടനിലയിലായ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി തുടങ്ങി. പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ 10 കോടി അനുവദിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ചുറ്റും വേലി കെട്ടിത്തിരിച്ച് അകത്തേക്കുളള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുകൾഭാഗത്തെ ഷീറ്റുകൾ പൊളിച്ചു തുടങ്ങിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ ഓഫീസ് സംവിധാനങ്ങൾ താത്കാലികമായി കഴിഞ്ഞ ദിവസം മിനി സിവിൽസ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തെക്ക് ഭാഗത്ത് കാന്റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾഭാഗത്ത് ബസുകളുടെ ഷെഡ്യൂൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഡിപ്പോയിലെത്തി യാത്രക്കാർക്ക് ബസ് കയറുന്നതിന് നിലവിലുള്ള രീതി തുടരും. മഴയും വെയിലും ഏൽക്കാതിരിക്കാൻ താൽക്കാലിക ഷെഡുകൾ നിർമിക്കും. രണ്ടാം ഘട്ടമായി ശുചിമുറി കെട്ടിടം, കാന്റീൻ എന്നിവ പൊളിച്ചുമാറ്റും.
ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിർമിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2,10,5000 രൂപയ്ക്കാണ് കെട്ടിടം വിൽപന കരാറായിരിക്കുന്നത്. രാമിൻ ട്രേഡേഴ്സാണ് കെട്ടിടം പൊളിക്കുന്നതിന് കരാർ എടുത്തിരിക്കുന്നത്. ഇതോടൊപ്പം വ്യാപാര സമുച്ചയവും നിർമിക്കും. അധികമായി വേണ്ടിവരുന്ന തുക യു.പ്രതിഭ എംഎൽഎയുടെ ഫണ്ടിൽ നിന്ന് വിനിയോഗിക്കാനാണ് നീക്കം. 45 ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കരാറുകാർ പറഞ്ഞു.
കാലപ്പഴക്കം കാരണം ഏതാനും മാസങ്ങൾക്ക് മുമ്പ് സ്റ്റേഷൻ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലസൗകര്യമുള്ള കായംകുളം കെ.എസ്.ആർ.ടി.സിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബസ് സ്റ്റാന്റും, വ്യാപാര സമുച്ചയവും ഉടൻ തന്നെ നിർമിക്കുമെന്ന് യു.പ്രതിഭ എം.എൽ.എ അറിയിച്ചു.