ഈരാറ്റുപേട്ട: ബംഗളൂരിൽനിന്നെത്തിയ സ്വകാര്യബസിൽ 65 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.
എരുമേലി-കോട്ടയം-പാലാ വഴി ബംഗളൂരു സർവീസ് നടത്തുന്ന സാനിയ ബസിൽ കടത്തിക്കൊണ്ടുവന്ന പണവുമായി കട്ടപ്പന സ്വദേശിയായ വരിശേരി മനോജ് മണിയെയാണ് ഈരാറ്റുപേട്ട എക്സൈസ് പിടികൂടി പാലാ പോലീസിനു കൈമാറിയത്. ഇയാൾ ഇപ്പോൾ എരുമേലിയിലാണു താമസം.
എരുമേലി സ്വദേശി ഷുക്കൂറിനു കൈമാറാനാണു പണവുമായെത്തിയതെന്ന് ഇയാൾ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ലഹരികടത്ത് കണ്ടെത്തുന്നതിന് എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിനിടെ ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം പിടികൂടിയത്.