കോൽക്കത്ത: ബംഗാളിൽ യുവ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് സുരക്ഷ ഉറപ്പുവരുത്തുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന ഡോക്ടർമാരുമായി മുഖ്യമന്ത്രി മമതാ ബാനർജി ചർച്ച നടത്തി.
സമരം ചെയ്യുന്ന ഡോക്ടർമാരുടെ 99 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്നു മമത ബാനർജി ചർച്ചയ്ക്കുശേഷം പറഞ്ഞു. ഡോക്ടർമാർ എത്രയും വേഗം ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും മമത അഭ്യർഥിച്ചു.
പോലീസ് കമ്മീഷണർ വിനീത് കുമാർ ഗോയൽ രാജിവയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ചതായി മമത ബാനർജി പറഞ്ഞു. ഇന്ന് വൈകുന്നേരം പുതിയ കമ്മീഷണർക്ക് ചുമതല കൈമാറും. ആരോഗ്യവകുപ്പിലെ രണ്ടുപേരെ ഒഴിവാക്കും.
ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ഗുപ്തയെയും സ്ഥലംമാറ്റുമെന്നു മമത പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിഷേധിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച നിശ്ചയിച്ച കൂടിക്കാഴ്ച മുടങ്ങിയിരുന്നു.