തിരുവനന്തപുരം: ചലച്ചിത്ര രംഗത്ത് ഉയർന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് പോലീസ് ആസ്ഥാനത്ത് ചേരും. സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർബേഷ് സാഹിബ്, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.
അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്ത് ഇതുവരെയുള്ള അന്വേഷണ സ്ഥിതിവിവരങ്ങൾ ധരിപ്പിക്കും. ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ പുരോഗതി യോഗം വിലയിരുത്തും. ഇതെല്ലാം ഉൾപ്പെടുത്തി സർക്കാരിന് ഇടക്കാല റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായാണ് യോഗം ചേരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. പല ഭാഗങ്ങളായാണ് സാക്ഷിമൊഴികൾ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് നേരത്തെ കൈമാറിയിരുന്നത്. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് പോകാത്ത വിധത്തിൽ സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നും രഹസ്യസ്വഭാവം നിലനിർത്തണമെന്നും ഡിജിപി നിർദേശം നൽകിയിരുന്നു.
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കാർ ഹേമക്കമ്മിറ്റി റിപ്പോർട്ടിലെ പൂർണ വിവരങ്ങൾ അടങ്ങിയ പകർപ്പ് അന്വേഷണ സംഘത്തലവന് നൽകിയത്.
റിപ്പോർട്ട് പരിശോധിച്ച് ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ച് നാല് വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്ന സർക്കാരിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു.