തൃശൂർ: ഏതു കാട്ടിലാണ് ഏറ്റവും കൂടുതൽ പുലികൾ ഉള്ളത് എന്ന് ചോദ്യത്തിന് ഇന്നത്തെ ഉത്തരം തൃശൂർ തേക്കിൻകാട് എന്നായിരിക്കും… കാരണം തേക്കിൻ കാടിന് ചുറ്റും ഇന്ന് 350 ഓളം പുലികളാണ് മട വിട്ടിറങ്ങുക. നാടും നാട്ടാരും കാത്തിരിക്കുന്നു ആ പുലിപ്പടയെ കാണാൻ… അവരുടെ പുലിച്ചുവടുകളിൽ സ്വയം മറന്നാടാൻ .. അവർക്കൊപ്പം നഗരവീഥികളിൽ തുള്ളിക്കളിച്ച് സ്വരാജ് റൗണ്ട് ചുറ്റാൻ.. പുലിക്കൊട്ടിന്റെ രൗദ്ര താളത്തിൽ കൈകൾ ഉയർത്തി പുലിക്കൂട്ടങ്ങളിൽ ഒരാളാകാൻ…
ഇന്നു വൈകിച്ച് അഞ്ചിനാണ് തൃശൂരിലെ പുലകളിക്ക ു തുടക്കമാകുക. ഇന്നലെ മുതൽ ഉറക്കമില്ലായിരുന്നു ഏഴ് പുലി മടകൾക്കും. ഇന്ന് പുലർച്ചയോടെ പുലിവര തുടങ്ങി. മനുഷ്യനെ മൃഗമാക്കുന്ന വരയുടെ മാജിക്. ശരീരം ഷേവ് ചെയ്ത് ടെമ്പറ പൗഡറും വാർണിഷും ചേർത്ത് തയാറാക്കിയ നിറങ്ങൾ പുള്ളികളായും വരകളായും ശരീരത്തിൽ പതിഞ്ഞപ്പോൾ പുതിയ പതിയെ നരൻ നരിയായ് മാറി.
പുള്ളിപ്പുലികളും കരിമ്പുലികളും വരയൻ പുലികളും മട വിട്ടിറങ്ങാൻ കാത്തുനിൽക്കുകയാണ്. 51 പുലികൾ വീതമാണ് ഏഴു തട്ടകങ്ങളിൽ നിന്നും എത്തുക. ആകെ 350 ൽ പരം പുലികൾ. അതിൽ പതിവ് ആൺപുലികൾക്ക് പുറമേ പെൺപുലികളും കുട്ടിപ്പുലികളും ഉണ്ട്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളും ആർഭാടങ്ങളും വെട്ടിച്ചുരുക്കിയാണ് തൃശൂരിൽ പുലികളി നടത്തുന്നത്. കാഴ്ചക്കാരെ വിസ്മയത്തിന്റെ പുതിയ ലോകത്തേക്ക് എത്തിക്കുന്ന ടാബ്ലോകൾ ഒരെണ്ണം മാത്രമേ ഓരോ ടീമിനും ഉണ്ടാകൂ.
പുലികളിക്കൊപ്പം നഗരം ചുറ്റാൻ 100 മൊട്ടകളും
തൃശൂർ: ഇന്ന് തൃശൂർ നഗരത്തിൽ വൈകിട്ട് അരങ്ങേറുന്ന പുലികളിക്ക് മാറ്റുകൂട്ടാൻ 100 മൊട്ടത്തലയൻമാരും. തല മൊട്ടയടിച്ചവരുടെ സംഘടനയായ മൊട്ട ഗ്ലോബൽ പ്രവർത്തകരായ 100 മൊട്ടകളും പുലിക്കളിയുടെ കൂടെ തൃശൂർ റൗണ്ടിൽ എത്തും.
കറുപ്പ് ഷർട്ടും ചുവന്ന മുണ്ടും കൂളിംഗ് ഗ്ലാസും ധരിച്ച് നൂറു മൊട്ടകൾ പുലികൾക്കൊപ്പം തൃശൂർ നഗരം ചുറ്റും. ഒരു മാസം മുമ്പാണ് തല മൊട്ടയടിച്ച ആളുകൾ തേക്കിൻ കാട് മൈതാനിയിൽ ഒത്തുചേർന്നത്, അതിനുശേഷം സംഘടനയിലേക്ക് കൂടുതൽ മൊട്ടകൾ വരാൻ തുടങ്ങി. ഗ്രുപ്പിൽ ഇപ്പോൾ 20 രാജ്യങ്ങളിൽ നിന്നായി 485 മൊട്ടകളുണ്ട് ഈ കൂട്ടത്തിൽ.
ഋഷി