കോഴിക്കോട്: എന്‍സിപിയില്‍ മന്ത്രിസ്ഥാനം കൈമാറുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ മന്ത്രി എ.കെ. ശശീന്ദ്രനെയും മന്ത്രിപദവി ആഗ്രഹിക്കുന്ന തോമസ് കെ. തോമസ് എംഎൽഎയെയും ദേശീയ പ്രസിഡന്റ് ശരത് പവാര്‍ വിളിപ്പിച്ചു. നാളെ രാവിലെ 11.30ന് എത്താനാണ് പവാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും ചര്‍ച്ചയുടെ ഭാഗമാകും. എറണാകുളത്ത് ഇന്ന് എന്‍സിപി നിയസഭാമണ്ഡലം പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗം കഴിഞ്ഞശേഷം കൊച്ചിയില്‍നിന്ന് വൈകിട്ട് ശശീന്ദ്രന് മുംബൈയിലേക്കു തിരിക്കും.
ശശീന്ദ്രനു മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സംസ്ഥാന നേതൃത്വം തോമസ് കെ. തോമസ് മന്ത്രിയാകണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ ശശീന്ദ്രന് തയാറായിട്ടില്ല.
അതിനാൽ ശരത്പവറുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാകും.
ശശീന്ദ്രന് രാജിവച്ച് മന്ത്രിസ്ഥാനം തോമസ് കെ. തോമസിനു കൈമാറണമെന്നാണ് പാര്‍ട്ടി തീരുമാനം. പി.സി. ചാക്കോയ്ക്കും ഈ അഭിപ്രായമാണുള്ളത്.
പാര്‍ട്ടി തീരുമാനം ശശീന്ദ്രനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ ശശീന്ദ്രനു താത്പര്യമില്ല. ഇപ്പോള്‍ സ്ഥാനം ഒഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ അപ്രസ്ക്തനായി മാറുമെന്ന ഭയം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ എംഎല്‍എ സ്ഥാനംകൂടി രാജിവയ്ക്കുമെന്ന ഭീഷണി ഉയര്‍ത്തിയത്.
ശശീന്ദ്രനെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നാല്‍ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടുമെന്നും സംസാരമുണ്ട്. ശശീന്ദ്രനെ അനുകൂലിക്കുന്ന ജില്ലാ കമ്മിറ്റികള്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്രവര്‍ത്തനം ഇതിനകം ആരംഭിച്ചിട്ടുണ്ട്.