മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. അഭിനേത്രി ആണെങ്കിലും ഉദ്ഘാടനങ്ങളിലൂടെയാണ് ഹണി ഇത്രയും പോപ്പുലറായത്. ഹണിക്കെതിരേ നിരവധി വിമർശനങ്ങൾ ദിനംപ്രതി ഉയരാറുണ്ട്. കൂടുതലും വരുന്നത് ഹണിയുടെ രൂപത്തെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമാണ്. എന്നാൽ എത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു ചിരി പടർത്തിക്കൊണ്ടാണ് ഹണിയെ എപ്പോഴും കാണുന്നത്.
20 വർഷത്തോളമായി ഹണിറോസ് സിനിമയിൽ എത്തിയിട്ട്. എന്നാൽ ഇന്നും തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. അഭിനയത്തോടുള്ള കടുത്ത താത്പര്യം കൊണ്ടാണ് സിനിമയിൽ എത്തിയത്. സിനിമാമോഹം തലയിൽ കയറിയപ്പോൾ ഹണി ഏഴാം ക്ലാസിൽ.
സിനിമയിൽ എത്തിയതിനെ കുറിച്ച് ആനീസ് കിച്ചനിലൂടെ ഹണി റോസ് തുറന്നു പറയുന്നു. “ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിനയൻ സാർ സംവിധാനം ചെയ്ത മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമ ഷൂട്ട് ചെയ്യുന്നത്. അത് മൂലമറ്റത്ത് എന്റെ വീടിനടുത്തായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഞങ്ങൾക്ക് ആ സമയത്ത് ചെറിയ ബിസിനസ് ഉണ്ടായിരുന്നു. അവിടെ വർക്ക് ചെയ്ത ചേച്ചിയുടെ വീട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്.
അങ്ങനെ ഷൂട്ട് കാണാൻ പോയപ്പോൾ സെറ്റിൽ വച്ച് ആരോ അഭിനയിക്കുമോ എന്ന് ചോദിച്ചു. അത് പെട്ടെന്ന് നാട്ടിൽ പ്രചരിച്ചു. ആളുകൾ പറഞ്ഞു നടന്നത് എന്നെ സിനിമയിൽ എടുത്തു എന്നായിരുന്നു. അന്നാണ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം മനസിൽ കയറിയത്.
പക്ഷേ ആ സിനിമയുടെ സെറ്റിൽ തന്നെ വിനയൻ സാറിനെ പോയി കണ്ടു സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ അന്ന് ഞാൻ കുഞ്ഞായിരുന്നു. അതിനാൽ അദ്ദേഹം സമ്മതിച്ചിരുന്നില്ല. പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ കുറച്ച് ഫോട്ടോസ് എടുത്ത് അച്ഛൻ വിനയൻ സാറിനെ കാണാൻ പോയി.
ആ സമയത്ത് ബോയ്ഫ്രണ്ട് സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയമായിരുന്നു. അങ്ങനെ ഫോട്ടോസ് കണ്ടതിനു ശേഷം അദ്ദേഹം വിളിച്ചു, അതിലൂടെയാണ് ബോയ്ഫ്രണ്ടിലേക്ക് അവസരം എത്തിയത്- ഹണി റോസ് പറയുന്നു. സിനിമയിൽ ഇത്ര വർഷമായിട്ടും ഞാൻ ആഗ്രഹിച്ച ലക്ഷ്യത്തിലേക്ക് ഇതുവരെ എത്തിച്ചേരാനായിട്ടില്ലെന്നും ഹണിറോസ് കൂട്ടിച്ചേർത്തു. തുടക്കത്തിൽ ഒന്നും സീരിയസായി ചിന്തിച്ചിരുന്നില്ല.
കാരണം ഒരു സിനിമ ചെയ്താൽ ഞാൻ സ്റ്റാറാവുമെന്നായിരുന്നു അന്നു കരുതിയിരുന്നത്. പക്ഷേ അങ്ങനെയല്ല എന്ന് പിന്നീട് മനസിലായി. അതു കഴിഞ്ഞ് ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. അതിനു ശേഷം കാത്തിരുന്നു കിട്ടിയ ചിത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്. അതായിരുന്നു വലിയൊരു വിജയം കൈവരിച്ച ചിത്രം.
പിന്നെ നല്ല സിനിമകൾ വരാൻ തുടങ്ങി.” ഹണി പറഞ്ഞു. ഹണി റോസിന്റെ കരിയറിലെ ഏറ്റവും ചലഞ്ചിംഗ് ആയി വന്ന സിനിമയാണ് റേച്ചൽ. അഞ്ചു ഭാഷകളിലായി പാൻ ഇന്ത്യൻ ലെവലിലാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒരു സിനിമയിൽ വർക്ക് ചെയ്യുന്നത് ആദ്യമായിട്ടാണ്- ഹണി പറയുന്നു. ഒരു ഇറച്ചി വെട്ടുകാരിയുടെ ശക്തയായ വേഷത്തിലാണ് റേച്ചലിൽ ഹണി എത്തുന്നത്.