ജീവിതത്തിലെ തെറ്റുകൾ തിരുത്താൻ പ്രേരിപ്പിക്കുന്ന പ്രമേയവും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളും കൊണ്ട് പ്രശംസ നേടിയ ‘തീ’ എന്ന ചിത്രം ആപ്പിൾ ടിവിയിൽ സംപ്രേഷണം ആരംഭിച്ചു. യൂ ക്രിയേഷൻസ്, വിശാരദ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ അനിൽ വി.നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.
യുവ എംഎൽഎ മുഹമ്മദ് മുഹസിൻ നായകനും വസന്തത്തിന്റെ കനൽ വഴികളിൽ എന്ന ചിത്രത്തിൽ സമുദ്രക്കനിയ്ക്കാപ്പം നായകവേഷം അവതരിപ്പിച്ച ഋതേഷ് പ്രതിനായകനുമാകുന്ന ചിത്രത്തിൽ അധോലോക നായകന്റെ മാരക ഗെറ്റപ്പിൽ എത്തുന്നത് ഇന്ദ്രൻസാണ്.
പുതുമുഖം സാഗരയാണ് നായിക. പ്രേംകുമാർ, രമേഷ് പിഷാരടി, വിനുമോഹൻ, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, വി.കെ. ബൈജു, ജയകുമാർ, സോണിയ മൽഹാർ, രശ്മി അനിൽ, ഗായകൻ ഉണ്ണി മേനോൻ, വിപ്ലവഗായിക പി.കെ. മേദിനി, ആർട്ടിസ്റ്റ് സുജാതൻ, നാടൻപാട്ടുകാരൻ സി.ജെ. കുട്ടപ്പൻ, നാസർമാനു തുടങ്ങിയവരോടൊപ്പം രാഷ്ട്രീയ നേതാക്കളായ കെ. സുരേഷ് കുറുപ്പ്, സി.ആർ. മഹേഷ്, കെ. സോമപ്രസാദ്, സൂസൻ കോടി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ലഹരിവസ്തുക്കൾക്കെതിരായുള്ള ബോധവത്കരണത്തിനായി വിദ്യാഭ്യാസം, ആരോഗ്യം, പോലീസ്, എക്സൈസ്, സാമൂഹ്യനീതി എന്നീ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ആരംഭിച്ച യോദ്ധാവ് പദ്ധതിയിൽ തെരഞ്ഞെടുത്ത ചലച്ചിത്രമാണ് തീ.