ചെന്നൈ: തൊറൈപാക്കത്ത് സ്യൂട്ട്കേസിൽ ലൈംഗിക തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ മണികണ്ഠൻ എന്നയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കുമാരൻ കുടിൽ മെയിൻ റോഡിനു സമീപമുള്ള നിർമാണ സ്ഥലത്ത് സ്യൂട്ട്കേസിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് പ്രദേശത്തെ താമസക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ നാട്ടുകാർ സ്യൂട്ട് കേസ് തുറന്ന് നോക്കിയപ്പോഴാണ് വെട്ടി നുറുക്കിയ നിലയിൽ ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ അവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പ്രതിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി ലൈംഗിക തൊഴിലാളിയെ ഇയാൾ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം 2000 രൂപ ഇയാൾ യുവതിക്ക് നൽകി. എന്നാൽ തനിക്ക് 12000 രൂപ വേണമെന്ന് യുവതി വാശിപിടിക്കുകയും രൂപ കിട്ടാതെ വീട്ടിൽ നിന്നും പുറത്തുപോകില്ലന്നും പറഞ്ഞു.
എന്നാൽ മണികണ്ഠന്റെ പക്കൽ യുവതിക്ക് നൽകാനുള്ളത്രയും പണം ഇല്ലാത്തിനെ തുടർന്നും സംഭവം നാട്ടുകാരും വീട്ടുകാരും അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചും ഓർത്തതോടെ യുവതിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ചുറ്റിക ഉപയോഗിച്ച് യുവതിയുടെ തലയ്ക്ക് അടിച്ച് കൊല്ലുകയും ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി സ്യൂട്ട്കേസിലാക്കുകയും ചെയ്തെന്ന് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.
ഏറെനേരമായിട്ടും യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഇവരുടെ സഹോദരൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു. യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
അങ്ങനെ ഫോൺ ട്രാക്ക് ചെയ്തപ്പോഴാണ് അവസാന ടവർ ലൊക്കേഷൻ തൊറൈപ്പാക്കത്തിനടുത്താണെന്ന് കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.