കൊച്ചി: മലയാള സിനിമയുടെ അമ്മമുഖമായിരുന്ന നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളും അർബുദവും മൂലം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ അന്ത്യം സംഭവിച്ചത്.
ഗായികയായി കലാജീവിതമാരംഭിച്ച പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. പതിനാലാം വയസിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്.
നാന്നൂറിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾക്ക് പൊന്നമ്മ ജീവൻ പകർന്നിട്ടുണ്ട്. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിലാണ് പൊന്നമ്മ അവസാനമായി വേഷമിട്ടത്. ഏക മകൾ ബിന്ദു യുഎസിലാണ്.
സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. കഴിഞ്ഞ ദിവസമാണ് പൊന്നമ്മയെ സന്ദർശിച്ചശേഷം മകൾ യുഎസിലേക്ക് മടങ്ങിയത്. പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ 1945-ലാണ് പൊന്നമ്മ ജനിച്ചത്. ടി.പി. ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു.
ശനിയാഴ്ച കളമശേരി മുനിസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും.