തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെയും അന്വേഷണം നടത്തിയില്ലെന്നു വിവരാവകാശരേഖ. ഇതോടെ പൂരം അലങ്കോലപ്പെട്ട സംഭവം അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുംവാക്കായി.
പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം സംബന്ധിച്ച് ഒരു സ്വകാര്യ ചാനൽ വിവരാവകാശപ്രകാരം ചോദിച്ചതിനു പോലീസ് മേധാവിയുടെ ഓഫീസിൽനിന്നുള്ള മറുപടിയായാണ്, അന്വേഷണം തുടങ്ങിയിട്ടില്ല എന്ന ഉത്തരം രേഖാമൂലം ലഭിച്ചത്.
പൂരം മുടങ്ങിയതിനെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ എന്നീ കാര്യങ്ങളാണ് സ്വകാര്യ ചാനൽ വിവരാവകാശ ചോദ്യത്തിൽ ഉന്നയിച്ചത്. അതിനു ലഭിച്ച മറുപടി ഇപ്രകാരം: അങ്ങനെയൊരു അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടത്തെ ഓഫീസിലില്ല. കൃത്യമായ മറുപടിക്കായി തൃശൂർ സിറ്റി പോലീസിന് അയച്ചുനൽകുന്നു. പൂരം മുടങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ അതുസംബന്ധിച്ച് റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ല എന്നാണു തൃശൂർ സിറ്റി പോലീസും മറുപടിനൽകിയത്.
ഇതോടെ പൂരം അട്ടിമറി സംബന്ധിച്ച സംശയങ്ങൾ കൂടുതൽ ബലപ്പെടുകയാണ്. എന്തുകൊണ്ട് പോലീസ് അന്വേഷിച്ചില്ല എന്നതിനു വരുംദിവസങ്ങളിൽ സർക്കാർ ഉത്തരം പറയേണ്ടിവരും. അന്വേഷണം നടക്കുന്നു എന്നാണ് ഇതുവരെയും മുഖ്യമന്ത്രിയും സർക്കാരും സിപിഎമ്മും എല്ലാം പറഞ്ഞിരുന്നത്.
തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐക്കുണ്ടായ കനത്ത തിരിച്ചടിക്കു കാരണം തൃശൂർ പൂരം അലങ്കോലപ്പെട്ടതാണെന്ന് ആരോപണമുയർന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് തൃശൂർ പൂരം രാത്രി അലങ്കോലപ്പെട്ടതും വെടിക്കെട്ട് അനന്തമായി നീണ്ടതും.
ഏപ്രിൽ 21നു മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നിറക്കിയ വാർത്താക്കുറിപ്പിൽ, തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണറെ മാറ്റുമെന്നും പോലീസിന്റെ നടപടികൾക്കെതിരായ പരാതികൾ സംസ്ഥാനമേധാവി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്നുമാണു പറഞ്ഞിരുന്നത്.
ഇപ്പോൾ ആരോപണവിധേയനായ എഡിജിപി എം.ആർ. അജിത്കുമാറിനായിരുന്നു അന്വേഷണച്ചുമതല. തൃശൂർ പ്രസ് ക്ലബ്ബിന്റെ അന്നത്തെ സെക്രട്ടറി, തിരുവന്പാടി ദേവസ്വം ഭാരവാഹികൾ എന്നിവരിൽനിന്നു പോലീസ് മൊഴിയുമെടുത്തിരുന്നു.