ഹൃദയസ്പർശിയായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്തെങ്കിലും സങ്കടമോ വിഷമവോ ഉണ്ടാകുമ്പോൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആളുകൾ ഇരിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആളുകൾ പുതിയ നഗരത്തിൽ തനിച്ചാവുന്നതും അവരുടെ പ്രത്യേക ദിവസം ആഘോഷിക്കാൻ ആരുമില്ലാത്തതുമായ സംഭവങ്ങൾ പലപ്പോഴും സംഭവിക്കാറുമുണ്ട്. ഈ വീഡിയോയിൽ ഇത്തരത്തിൽ ഒരു യുവാവ് റസ്റ്റോറന്റിൽ ഇരിക്കുന്നത് കാണാം.
ഓർഡർ ചെയ്ത് ലഭിച്ച പെസ്ട്രി ടേബിളിൽ എത്തിയതിന് ശേഷം അയാൾ തന്റെ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്യുകയാണ്. ഇതിനിടെ പെസ്ട്രിയിൽ മെഴുകുതിരി കത്തിക്കുന്നു. പിറന്നാൾ ആഘോഷത്തിന്റെതെന്ന് തോന്നുന്ന വിധത്തിലുള്ള കാര്യങ്ങളാണ് അവിടെ നടന്നത്.
റെസ്റ്റോറന്റിലെ കൗണ്ടറിലിരിക്കുന്ന ജീവനക്കാർ ഇതൊക്കെ ശ്രദ്ധിക്കുന്നുമുണ്ട്. തൊട്ടുപിന്നാലെ വലിയൊരു കേക്ക് അവർ കൊണ്ടുവരികയും അതിൽ മെഴുകുതിരി കത്തിച്ച് അയാൾക്ക് നൽകുകയും ചെയ്യുന്നു.
അവർ കൈകൊട്ടി ആഘോഷിച്ച് ആശംസകൾ നേരുന്നുണ്ട്. തുടർന്ന് അയാൾ അവരെ ആലിംഗനം ചെയ്ത് നന്ദിയും സ്നേഹവും അറിയിക്കുന്നുമുണ്ട്. ഇൻസ്റ്റഗ്രാമിൽ 360 ദശലക്ഷം വ്യൂസ് നേടിയ ഹൃദ്യമായ ഈ വീഡയോ ഇപ്പോൾ വൈറലാണ്