കോട്ടയം: അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുമ്പോഴും റബര്‍ ഇറക്കുമതിയില്‍ വന്‍വര്‍ധന. ആഭ്യന്തര ഉത്പാദനത്തില്‍ വലിയ കുറവുണ്ടെന്ന കാരണത്താല്‍ നഷ്ടം സഹിച്ചും ഇറക്കുമതി നടത്താനുള്ള നീക്കത്തിലാണ് വ്യവസായികള്‍. കപ്പല്‍ കണ്ടെയ്നര്‍ ലഭിക്കുന്നതിലെ തടസവും കാലതാമസവും ഒഴിവായതും വ്യവസായികള്‍ക്ക് നേട്ടമായി.
നടപ്പു സാമ്പത്തികവര്‍ഷം ജൂലൈ വരെ 1.73 ലക്ഷം ടണ്‍ റബറിന്റെ ഇറക്കുമതിയുണ്ടായി.ജൂണില്‍ 35,375 ടണ്ണും ജൂലൈയില്‍ 52,000 ടണ്ണും ഇറക്കുമതി നടന്നു. റബര്‍ വില റിക്കാര്‍ഡിലേക്ക് ഉയര്‍ന്ന ഓഗസ്റ്റിലും അര ലക്ഷം ടണ്ണിന്റെ ഇറക്കുമതിയുണ്ടായതാണ് സൂചന. ആഭ്യന്തരവില 250 രൂപയില്‍ ഉയരരുതെന്ന നിലപാടില്‍ നഷ്ടം സഹിച്ചും റബര്‍ എത്തിച്ചതായാണ് വിപണിസൂചന.
കേരളത്തില്‍ ഓഗസ്റ്റ് 10ന് റബര്‍ ആഭ്യന്തര വില 247 എന്ന എക്കാലത്തെയും റിക്കാര്‍ഡില്‍ എത്തിയപ്പോള്‍ വിദേശവില 30 രൂപ കുറവായിരുന്നു. അക്കാലത്തും 25 ശതമാനം നികുതി അടച്ച് റബര്‍ നഷ്ടത്തില്‍ ഇറക്കുമതി ചെയ്യാനായിരുന്നു വ്യവസായികളുടെ തീരുമാനം. 2011 ഏപ്രില്‍ അഞ്ചിനാണ് റബറിന്റെ മുന്‍ റിക്കാര്‍ഡ് വില- 243 രൂപ. നിലവില്‍ റബറിന് വിദേശവില 240 രൂപയ്ക്ക് മുകളിലാണ്. അഭ്യന്തര വിലയാവട്ടെ ആര്‍എസ്എസ് നാല് ഗ്രേഡിന് 230 രൂപയും ഗ്രേഡ് അഞ്ചിന് 227 രൂപയും.
ഇക്കൊല്ലം സ്വാഭാവിക റബര്‍ 14 ലക്ഷം ടണ്ണിനു മുകളില്‍ ആവശ്യം വരുമെന്നും ആഭ്യന്തര ഉത്പാദനത്തില്‍ അഞ്ചു ലക്ഷം ടണ്ണിന്റെ കുറവുണ്ടാകുമെന്നാണ് വ്യവസായികള്‍ പറയുന്നത്. കുറവു വരുന്ന അഞ്ചു ലക്ഷം ടണ്‍ നികുതി ഒഴിവാക്കിയും തുറമുഖ നിയന്ത്രണങ്ങളില്ലാതെയും ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ടയര്‍ നിര്‍മാണ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരില്‍ ആവശ്യപ്പെടുന്നത്.
കേന്ദ്ര വാണിജ്യമന്ത്രാലയം ഇത് അനുമതി നല്കിയാല് റബര്‍ ആഭ്യന്തര വിലയില്‍ വന്തകര്ച്ചയുണ്ടാകും. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ രണ്ടു ലക്ഷം ടണ്‍ റബറിന്റെ ഇറക്കുമതിക്കാണ് വ്യവസായികള്‍ തയാറെടുക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ മൂലം ടാപ്പിംഗ് മുടങ്ങിയതിനാല്‍ അവിടെയും റബറിന് ക്ഷാമുണ്ട്.