ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐക്യരാഷ്ട്രസഭ സെപ്റ്റംബര്‍ 21ന് ലോക സമാധാന ദിനാചരണം തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയുടെ സാന്നിധ്യമുള്ള ഏഴിമലയ്ക്ക് ഈ ലോക സമാധാന ദിനാചരണത്തിലേക്കുള്ള ചൂണ്ടുപലകയായ ചരിത്രം കൂടിയുണ്ട്.
അരനൂറ്റാണ്ടിന് മുമ്പ് നമ്മുടെ കൊച്ചു കേരളത്തിലെ കുഗ്രാമമെന്ന് വിശേഷിപ്പിക്കാമായിരുന്ന ഏഴിമല ലോക സമാധാന സമ്മേളനത്തിന് വേദിയായി മാറിയെന്നത് ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനാവില്ല. ബാഹ്യലോകവുമായി ബന്ധപ്പെടാനുള്ള ഒരു പാലം പോലുമില്ലാതെ ദ്വീപ് പോലെ ഒറ്റപ്പെട്ടുകിടന്നിരുന്ന ഈ പ്രദേശത്ത് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കരസേനാ മേധാവിയും സാമൂഹിക-സാസ്കാരിക നായകന്മാരും ദിവസങ്ങളോളം കഴിഞ്ഞുവെന്നതും വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ അന്നത്തെ ഏഴിമലയെന്ന കുഗ്രാമത്തിലെത്തിയെന്നതാണ് വസ്തുത. ഇതിനിടയാക്കിയത് നവോഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരു ഇവിടെ ഗുരുകുലം സ്ഥാപിച്ചതോടെയാണ്.
നടരാജ ഗുരുവും ഏഴിമലയിലെ ആശ്രമവും
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ശ്രീനാരായണ ഗുരുവിന്റെയും അദ്ദേഹത്തിന്റെ ശിഷ്യനായ നടരാജഗുരുവിന്റെയും ശിഷ്യരും അപൂര്‍വം സന്ദര്‍ഭങ്ങളില്‍ വിദേശത്തുനിന്നെത്തുന്നവരുമുള്പ്പെടെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനങ്ങളാണ് ഇവിടെ നടത്തിയിരുന്നത്. സാമൂഹിക തിന്മകള്ക്കും, അനാചാരങ്ങള്‍ക്കുമെതിരേ പോരാടി കേരളസമൂഹത്തെ നവോഥാനത്തിലേക്ക് നയിച്ച ശ്രീനാരായണ ഗുരുവിന്റെ ആശയ ആദര്‍ശങ്ങളില്‍ ആകൃഷ്ടരായി രാജ്യത്തും വിദേശത്തുനിന്നും നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് പലസ്ഥലങ്ങളിലായി ആശ്രമം സ്ഥാപിക്കുകയുണ്ടായി.
ഇങ്ങനെയുള്ള ഒരു ആശ്രമമാണ് 1960കളിൽ ഗുരുകുലമെന്ന പേരില്‍ നടരാജഗുരുവിന്റെ അനുഗ്രഹാശിസുകളോടെ ഗുരു ഫ്രെഡി ഏഴിമല ചെരുവിലെ പൂച്ചാലില്‍ (ഇന്നത്തെ നേവല്‍ അക്കാദമി പ്രദേശം) സ്ഥാപിച്ചത്. ഫ്രെഡിയും ഇവിടെയെത്തിയ ശേഷം രമാറാണിയെന്ന പേര് സ്വീകരിച്ച മിസ് റോമിന് ഗ്രേസ് ബുക്കുമാണ് ഗുരുകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
ജീവിത സുഖ സൗഭാഗ്യങ്ങള്‍ ത്യജിച്ച ചില യൂറോപ്യന്മാരും, രാജ്യത്തുള്ളവരും ഏഴിമലയിലുള്ള ശ്രീനടരാജ ഗുരുവിന്റെ ആശ്രമത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി ഇവിടെ എത്തിച്ചേര്‍ന്നു. ഈ ഗുരുകുലം എന്ന സന്യാസിമഠം ദേശീയ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ആത്മീയകേന്ദ്രമായി വളര്‍ന്നിരുന്നു. ഈ ഗുരുകുലത്തിന്റെ നേതൃത്വത്തിലാണ് ആശ്രമത്തിലും കടല്‍ തീരത്തുമായി വിവിധ കലാ സാംസ്കാരിക പരിപാടികളോടെ ലോക സമാധാന സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. കടല്‍തീരത്ത് കെട്ടിയൊരുക്കുന്ന ഓലഷെഡുകളിലായിരുന്നു പുറത്തുനിന്നെത്തുന്നവര്‍ക്ക് താമസസൗകര്യമൊരുക്കിയിരുന്നത്.
സംസ്കാരങ്ങളെ നാടിന് പരിചയപ്പെടുത്തിയ സമ്മേളനങ്ങള്‍
ജസ്റ്റീസ് കൃഷ്ണയ്യര്‍, ഗുരു നിത്യചൈതന്യയതി, ആ സമയത്തുള്ള ഇന്ത്യന്‍ കരസേനമേധാവി ജനറല്‍ കരിയപ്പ, ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും അംബാസഡറും ഗവര്‍ണറുമായും പ്രവര്‍ത്തിച്ച ഡോക്ടര്‍ അലക്സാണ്ടര്‍, പ്രശസ്ത ചിത്രകാരന് എം.എഫ്. ഹുസൈന്, അന്നത്തെ ജില്ലാ കളക്ടര്‍ യേശുദാസ്, കവയത്രി ബാലാമണിയമ്മ, മഹാകവി അക്കിത്തം മതപണ്ഡിതര്‍ തുടങ്ങിയ പ്രമുഖര്‍ പതിവായി ഈ സമ്മേളനങ്ങളിലെ സാന്നിധ്യമായിരുന്നു.
രാമന്തളിയിലെ പരേതനായ പരങ്ങന്‍ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലായിരുന്നു പത്തുദിവസം നീണ്ടുനിന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. കടപ്പുറത്തെ പൂഴിമണ്ണിലിരുന്നാണ് സമാധാനപൂര്‍ണമായ ലോകം കെട്ടിപ്പടുക്കുന്നതിനുള്ള ആഹ്വാനങ്ങളും പ്രഭാഷണങ്ങളും കലാപരിപാടികളും ആസ്വദിച്ചിരുന്നത്. വിദേശീയവും തദ്ദേശീയവുമായ സംസ്കാരങ്ങളെ അടുത്തറിയാനുള്ള അവസരമാണ് ഇതിലൂടെ നാട്ടുകാര്‍ക്ക് ലഭിച്ചത്. പകല്‍സമയത്ത് ആശ്രമപരിസരത്തും രാത്രിയിലെ പ്രഭാഷണങ്ങളും കലാപരിപാടികളും കടലോരത്തുമാണ് നടത്തിയിരുന്നതെന്നത് പഴമക്കാരുടെ ഓര്‍മകളിലുണ്ട്.
വര്‍ക്കലയിലെ ലോകമഹാ സമ്മേളനങ്ങളുടെ ചുവടുപിടിച്ചാണ് 1969 മുതല്‍ 73വരെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ലോക സമാധാന മഹാസമ്മേളനം നടന്നത്. വിദേശ മാധ്യമങ്ങളുള്‍പ്പെടെ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ കൊടുത്തിരുന്നതിനാല്‍ ഇന്ത്യയ്ക്കുപുറമെ വിദേശങ്ങളിലും ഈ സമ്മേളനത്തിന്റെ അലയൊലികള്‍ ഉയര്‍ന്നിരുന്നു. വിദേശത്തുനിന്നുള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.
അഖില കേരള സമാധാന സമ്മേളനമായിട്ടായിരുന്നു ആദ്യവര്‍ഷത്തെ തുടക്കം. കടലോരത്ത് ഓലപ്പന്തല്കെട്ടി സംഗീത പരിപാടികള്‍, നൃത്ത പരിപാടികള്‍, നാടകം, കഥകളി, കവിയരങ്ങുകള്‍ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടത്തിയിരുന്നു.
നടരാജ ഗുരുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ വര്‍ക്കല സ്വദേശി കുമാരസ്വാമിക്കായിരുന്നു ഈ ലോക സമാധാന സമ്മേളനങ്ങളുടെ നടത്തിപ്പ് ചുമതല. 1973ല്‍ നടരാജഗുരുവിന്റെ വിയോഗത്തോടെയാണ് സമ്മേളനങ്ങള്‍ക്കു തിരശീല വീണത്. 1980കളിൽ ഈ പ്രദേശം ഏഴിമല നാവിക അക്കാദമിക്കായി ഏറ്റെടുത്തു.