തിരുവനന്തപുരം: എഡിജിപി. എം.ആർ. അജിത്ത് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ കേസെടുക്കാതെയുള്ള അന്വേഷണമായിരിക്കും നടത്തുകയെന്ന് സൂചന.
ആരോപണത്തിൽ കഴന്പുണ്ടെങ്കിൽ മാത്രം കേസെടുത്താൽ മതിയെന്നാണ് നിലവിലെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. വിജിലൻസ് യൂണിറ്റ്-1 ലെ എസ്പി. ജോണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഡിവൈഎസ്പി. ഷിബു പാപ്പച്ചൻ, സിഐ. കിരണ്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. അജിത്ത് കുമാറിനെതിരെയും മുൻ എസ്പി. സുജിത്ത് ദാസിനെതിരെയും ഈ സംഘമാണ് അന്വേഷണം നടത്തുക.
സ്വർണക്കടത്ത് വേട്ടയിലെ തട്ടിപ്പ്, കവടിയാറിലെ ആഡംബര വീട് നിർമാണം, അനധികൃത സ്വത്ത് സന്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ വരുന്നത്. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് സർക്കാരിന് സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
അജിത്ത് കുമാറിനെതിരേ അനധികൃത സ്വത്ത് സന്പാദനം ഉൾപ്പെടെ ആരോപിച്ച് ഭരണ കക്ഷി എംഎൽഎ പി.വി. അൻവറിന്റെ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ശിപാർശ ചെയ്തത്.