കോട്ടയം: വഴിയാത്രക്കാരിയുടെയും കടയുടമയുടെയും നല്ല മനസില്‍ ജാന്‍സിക്കു നഷ്ടപ്പെട്ട മാല പോലീസ് സ്റ്റേഷനില്‍നിന്നു തിരികെ ലഭിച്ചു. കടുവാക്കുളം തിരുഹൃദയ നഴ്സിംഗ് കോളജിലെ ഓഫീസ് ജീവനക്കാരിയും ആലപ്പുഴ പൂന്തോപ്പ് സ്വദേശിനിയുമായ ജാന്‍സി ഷാജന് വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് ചങ്ങനാശേരിക്കുള്ള ബസ് കയറുന്നതിനായി ചൂള ഭാഗത്തുനിന്നു കടുവാക്കുളം ജംഗ്ഷനിലേക്കുള്ള യാത്രാമധ്യേ ഒരുപവന് തൂക്കമുള്ള സ്വർണമാല നഷ്ടപ്പെടുകയായിരുന്നു.
വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ജാന്‍സി അറിയുന്നത്. കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് മാല നഷ്ടപ്പെട്ടതെന്ന സംശയത്തില്‍ കോട്ടയം, ചങ്ങനാശേരി, ആലപ്പുഴ ഡിപ്പോകളില്‍ വിവരം അറിയിച്ചു.
ഇതിനിടയില്‍ ജാന്‍സിക്കു പിന്നാലെ അതുവഴി നടന്നെത്തിയ യാത്രക്കാരിക്കു വഴിയില്‍ കിടന്നു മാല ലഭിച്ചു. യാത്രക്കാരി മാല ഉടന്‍ തന്നെ കടുവാക്കുളം ജംഗ്ഷനിലുള്ള ഇലക്ട്രിക് കടയുടമ ഷിജുവിനെ ഏല്‍പ്പിക്കുകയും യാത്രക്കാരി സോഷ്യല്‍ മീഡിയയില്‍ മാല ലഭിച്ച വിവരം പങ്കുവയ്ക്കുകയും ചെയ്തു. തനിക്ക് ലഭിച്ച മാല ഷിജു കോട്ടയം ഈസ്റ്റ് പോലീസിനെ ഏല്‍പ്പിച്ചു.
ഇന്നലെ രാവിലെ കോളജിലെത്തിയ ജാന്‍സി നഷ്ടപ്പെട്ട മാല പോലീസ് സ്റ്റേഷനിലുണ്ടെന്ന വിവരം അറിയുകയും ഉച്ചയോടെ സ്റ്റേഷനിലെത്തി മാല കൈപ്പറ്റുകയും ചെയ്തു. മാല പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച ഷിജുവിനെ ജാന്‍സി നേരിട്ടെത്തി നന്ദി അറിയിച്ചു.