മറയൂര്‍ മലനിരകളില്‍ മരത്തക്കാളി വിളവെടുപ്പു തുടങ്ങി. കാന്തല്ലൂരിലെ പെരുമല, കീഴാന്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മരത്തക്കാളി വിളവെടുപ്പിന് പാകമായിരിക്കുന്നത്. ഇന്ത്യയില്‍ അപൂര്‍വം ചില ഭൂപ്രദേശങ്ങളില്‍ മാത്രമാണ് മരത്തക്കാളി വിളയുന്നത്. വൈകി എത്തിയ മഴയില്‍ ഹരിതാഭമായി തീര്‍ന്ന തോട്ടങ്ങളില്‍ ചുവന്നുതുടുത്ത പഴങ്ങള്‍ വിളഞ്ഞുകിടക്കുന്നത് കര്‍ഷകർക്കും സഞ്ചാരികൾക്കും മനംമയക്കുന്ന കാഴ്ചയാണ്.
മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍ പ്രദേശങ്ങളില്‍ എത്തുന്ന വിനോദ സഞ്ചാരികളാണ് പ്രധാന ഉപയോക്താക്കള്‍. കിലോയ്ക്ക് 100 മുതല്‍ 150 രൂപ വരെ കര്ഷകന് ലഭിക്കുന്നുണ്ട്. ഓവല്‍ ആകൃതിയില്‍ കാണപ്പെടുന്ന പഴത്തിന്റെയുള്ളില് തക്കാളിയുടെ ഉള്‍വശത്തിനു സമാനമായി വിത്തുകളോടുകൂടി കാണപ്പെടുന്ന ഭാഗമാണ് ഭക്ഷിക്കുന്നത്.
ഒട്ടും മധുരമില്ലാതെതന്നെ ആസ്വാദ്യമായ രുചി അനുഭവം കഴിക്കുന്നവര്‍ക്ക് നല്കുന്ന മരത്തക്കാളി വാങ്ങാന്‍ ധാരാളം പേര് എത്തുന്നുണ്ട്. ഏഥന്‍സ്, പെറു എന്നീ രാജ്യങ്ങളിലാണ് ഇത് ആദ്യം കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. തോട്ടം നിര്‍മാണത്തിനായി മൂന്നാറിലെത്തിയ യൂറോപ്യന്മാരാണ് ഇത് ഇവിടെ വച്ചുപിടിപ്പിച്ചതെന്ന് കരുതുന്നു.
വര്‍ഷങ്ങളായി മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ തോട്ടങ്ങളില്‍ ഇവ വളരാറുണ്ടെങ്കിലും വ്യാവസായിക പ്രാധാന്യം കൈവരിച്ചത് അടുത്തകാലത്ത് മാത്രമാണ്. ഒരു ടണ്ണിനടുത്ത് ഉത്പാദനമാണ് നിലവില്‍ കാന്തല്ലൂര്‍ -മറയൂര്‍ പ്രദേശങ്ങളില്‍ ഉള്ളത്. ട്രീ ടൊമാറ്റോ, റ്റാമറില്ലാ എന്നീ ഇംഗ്ലീഷ് പേരുകളില്‍ അറിയപ്പെടുന്ന ഈ പഴത്തിന് ശീമക്കത്തിരി എന്നാണ് പ്രാദേശികമായി പറയുന്നത്. ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇവ സുലഭമായി ലഭിക്കുന്നത്. പതിനഞ്ച് മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരുചെടിയില്‍നിന്ന് ഇരുപത് കിലോഗ്രാം വരെ വിളവ് ലഭിക്കും.
വിത്തില്‍നിന്നുള്ള തൈ വളര്‍ത്തിയാണ് കൃഷി ആരംഭിക്കുന്നത്. തൈ നട്ട് നാലു വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിച്ചുതുടങ്ങും. 12 വര്‍ഷം വരെ വിളവ് ലഭിക്കുമെന്ന് കാന്തല്ലൂരിലെ കര്‍ഷകര്‍ പറയുന്നു. നാല് ഡിഗ്രിമുതല്‍ 20 ഡിഗ്രി വരെ ചൂടാണ് അനുയോജ്യ കാലാവസ്ഥ. 10 അടി അകലത്തിലാണ് ചെടികള്‍ നടാറുള്ളത്. ന്യൂസിലാൻഡാണ് ലോകത്ത് ഏറ്റവുമധികം മരത്തക്കാളി ഉത്പാദിപ്പിക്കുന്നത്.