കൊല്ലം: രാജ്യത്തെ പ്രഥമ ബുള്ളറ്റ് ട്രെയിൻ നിർമാണം ബംഗളുരുവിലെ ഭാരത് ഹെവി എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ (ബിഇഎംഎൽ.)നടക്കും. ഇതിനായുള്ള ധാരണാപത്രം ഒപ്പിടൽ ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും.എട്ട് കോച്ചുകൾ ഉള്ള രണ്ട് സെറ്റ് ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കുന്നതിന് ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ഈ മാസം അഞ്ചിന് ടെൻഡർ ക്ഷണിച്ചിരുന്നു.
ബിഎച്ച്ഇഎൽ മാത്രമാണ് ഇതിനായി അപേക്ഷ നൽകിയിട്ടുള്ളത്. രണ്ട് ട്രെയിനുകൾ മാത്രമുള്ള ചെറിയ ഓർഡർ ആയതിനാൽ മറ്റ് പ്രമുഖ കമ്പനികൾ ഒന്നും ടെൻഡറിൽ അപേക്ഷ നൽകിയിട്ടില്ല. അതിനാലാണ് ബിഇഎംഎല്ലിന് നറുക്കു വീഴുന്നത്. കരാർ തുക സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല.
ടെൻഡർ നടപടികൾ പൂർത്തിയായാൽ രണ്ടര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ യു. സുബ്ബറാവു പറഞ്ഞു. ട്രെയിനിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 280 കിലോമീറ്ററും പ്രവർത്തന വേഗത 250 കിലോമീറ്ററും ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് വികസിപ്പിച്ച് നിർമാണം പുരോഗമിക്കുന്ന മുംബൈ – അഹമ്മദാബാദ് അതിവേഗ ഇടനാഴിയിലാണ് ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക.മഹാരാഷ്ട്രയിലെ മുംബൈയെയും ഗുജറാത്തിലെ അഹമ്മദാബാദിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇടനാഴിക്ക് 508 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. 1.1 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ നിർമാണ ചെലവ്.
ജപ്പാനീസ് സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന ഷിൻകാൻസെൻ ഇ-അഞ്ച് മോഡൽ ട്രെയിനുകളാണ് പാതയിൽ ഓടിക്കാൻ തീരുമാനിച്ചിരുന്നത്. ഈ ട്രെയിനുകൾക്ക് മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ ഓടാൻ ശേഷിയുണ്ട്.ജപ്പാനിൽ ഇന്ന് ഇവ ഇറക്കുമതി ചെയ്യുമ്പോൾ വില താങ്ങാൻ കഴിയാതെ വന്നതിനാലാണ് അതിവേഗ ട്രെയിനുകൾ തദ്ദേശീയമായി നിർമിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്.
പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎലിൻ്റെ നിലവിലുള്ള നൂതന സാങ്കേതിക വിദ്യ അനുസരിച്ച് യൂറോപ്യൻ നിലവാരത്തിലുള്ള തദ്ദേശീയ ഹൈസ്പീഡ് ട്രെയിൻ നിർമിക്കാൻ കഴിയും. വന്ദേ മെട്രോ ട്രെയിനുകളുടെ നിർമാണത്തിൽ അവർ ഇത് തെളിയിച്ച് കഴിഞ്ഞതുമാണ്.
ടെൻഡർ ഉറപ്പിച്ച് കഴിഞ്ഞാൽ 2026 ഡിസംബറോടെ 250 കിലോമീറ്റർ വേഗതയുള്ള ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിൻ പുറത്തിറക്കാൻ കഴിയുമെന്നാണ് ഐസിഎഫ് അധികൃതരുടെ പ്രതീക്ഷ. അതിവേഗ ഇടനാഴിയിൽ സൂറത്ത് – ബിലിമോറ സെക്ഷനിലായിരിക്കും പരീക്ഷണ ഓട്ടം നടത്തുക.
ഇപ്പോൾ നിർമിക്കാൻ പോകുന്ന ബുള്ളറ്റ് ട്രെയിനിൻ്റെ സീറ്റിംഗ് കപ്പാസിറ്റി 174 ആയിരിക്കും. യാത്രക്കാരുടെ ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം 12 മുതൽ 16 വരെ വർധിപ്പിക്കാൻ കഴിയുമെന്നും ഇൻ്റഗ്രൽ കോച്ച് ഫാക്ടറി അധികൃതർ വ്യക്തമാക്കി.
എസ്.ആർ. സുധീർ കുമാർ