തൊടുപുഴ: അന്തര്‍സംസ്ഥാന സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കള്‍ മരിച്ചു. തൊടുപുഴ ഒളമറ്റം പൊന്നന്താനം തടത്തില്‍ സന്തോഷിന്റെ മകന് ടി.എസ്.ആല്‍ബര്‍ട്ട് (19) ഇന്നലെ മരിച്ചിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ പരേതനായ ജോബിയുടെ ഏക മകന് എബിന് (19) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആല്‍ബര്‍ട്ടിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടത്തില്‍ കാല് അറ്റുതൂങ്ങിയ നിലയിലാണ് എബിനെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തൊടുപുഴ-പാല റൂട്ടില്‍ ഇന്നലെ രാത്രി എട്ടരയോടെ കരിങ്കുന്നം പുത്തന്‍ പള്ളിക്കു സമീപമായിരുന്നു അപകടം.
കരിങ്കുന്നം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കും തൊടുപുഴയിലേക്കു വരികയായിരുന്ന കല്ലട ബസുമാണ് കൂട്ടിയിടിച്ചത്.പൊന്നന്താനത്ത് വാടകയ്ക്കു താമസിക്കുകയാണ് ആല്‍ബര്‍ട്ടിന്റെ കുടുംബം.
റീനയാണ് മാതാവ്. സഹോദരി ആഞ്ജലീന. മൃതദേഹം ഇന്ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പൊന്നന്താനം സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് പള്ളിയില്‍.
എബിന്റെ പിതാവ് ജോബി മൂന്നു വര്‍ഷം മുമ്പാണ് മരിച്ചത്. മാതാവ് ഷേര്‍ളി ഇസ്രയേലിലാണ്. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മ എത്തിയതിനു ശേഷമായിരിക്കും സംസ്കാരം.