മുംബൈ: മുംബൈക്കടുത്തുള്ള ബദ്ലാപുരിൽ രണ്ട് നഴ്സറി സ്കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു.
പ്രതിയായ അക്ഷയ് ഷിൻഡെ (23) പോലീസ് വാഹനത്തിനുള്ളിൽ പോലീസുകാരനിൽനിന്നു തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു.
നഴ്സറി കുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി തലോജ ജയിലിൽ കഴിയുകയായിരുന്ന ഷിൻഡെയെ, ആദ്യഭാര്യയെ ആക്രമിച്ചെന്ന മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത് മടങ്ങവേയായിരുന്നു സംഭവം. വെടിവയ്പിൽ പരിക്കേറ്റ നിലേഷ് മോറെ എന്ന കോൺസ്റ്റബിൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, കൈവിലങ്ങിട്ട ഒരാൾക്ക് എങ്ങനെ തോക്ക് പിടിച്ചുപറിക്കാൻ കഴിയുമെന്നും ഷിൻഡെയുടേത് ഏറ്റുമുട്ടൽ കൊലയാണെന്നും പ്രതിപക്ഷം ആരോപിച്ചു.