കുമരകം: കുമരകം കൈപ്പുഴമുട്ട് പാലത്തിനുസമീപം തിങ്കളാഴ്ച രാത്രി 8.40നു കാര്‍ പുഴയിലേക്ക് മറിഞ്ഞു രണ്ടു പേര് മരിച്ചതില്‍ ദുരൂഹത തുടരുന്നു. മഹാരാഷ്ട്ര കല്യാണില്‍ താമസക്കാരനായ കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ജയിംസ് ജോര്‍ജ് (48), ശൈലി രാജേന്ദ്ര സര് ജെ (27) എന്നിവരാണു മരിച്ചത്.
കൊച്ചിയില്‍നിന്ന് വാടകയ്ക്കെടുത്ത കാറിലെത്തിയ ഇവര്‍ കോട്ടയം- ചേര്‍ത്തല റോഡില്‍നിന്ന് മാറി കൈപ്പുഴമുട്ടിലേക്ക് തിരിയാനുള്ള സാഹചര്യം വ്യക്തമല്ല. ഹോട്ടലുകളിലും ഹോം സ്റ്റേകളിലും ഇവര്‍ മുറി ബുക്ക് ചെയ്തതായി അറിവില്ല. അപകടമുണ്ടായ സ്ഥലത്ത് ഇത്തരത്തില്‍ സൗകര്യങ്ങളുമില്ല. കായലോര വഞ്ചിവീടുകളില്‍ തങ്ങാനാവും രാത്രി ഇവര്‍ എത്തിയതെന്ന് സംശയിക്കുന്നു.
ബോട്ടുജെട്ടിയിലേക്കുള്ള വഴിയുടെ വീതിക്കുറവും വെളിച്ചക്കുറവുമാകാം അപകടത്തിന് ഇടയാക്കിയത്. മരിച്ച ജയിംസ് ജോര്‍ജ് മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുന്നതിന്റെ ഭാഗമായി കൊച്ചിയിലുള്ള ഹെഡ് ഓഫീസില്‍ എത്തിയതാണെന്ന് പറയുന്നു. യുവതി ഇയാള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതാകാം. മരിച്ച ശൈലിയുടെ ബാഗില്‍ ഇവരുടേതു കൂടാതെ അച്ഛന്റെ ആധാര്‍ കാര്‍ഡുമുണ്ടായിരുന്നു.
കുമരകം ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും എത്തുന്ന സഞ്ചാരികളുടെ വിവരങ്ങള്‍ പോലീസില്‍ അറിയിക്കേണ്ടതുണ്ട്. കവണാറ്റിന്‍കരയില്‍ ടൂറിസ്റ്റ് പോലീസ് യൂണിറ്റുമുണ്ട്. പോലീസ് സഞ്ചാരികളുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ട്. കവണാറ്റിന്‍കര, ചീപ്പുങ്കല്‍, കൈപ്പുഴമുട്ട്, കുമരകം ജെട്ടികളില്‍ നൂറോളം ഹൗസ് ബോട്ടുകളുണ്ട്. ഇവിടങ്ങളില്‍ രാത്രി പരിശോധനയില്ലെന്നും ആക്ഷേപമുണ്ട്.
കുമരകം കായലോര റോഡുകള്‍ കുണ്ടും കഴിയുമായിക്കിടക്കുകയാണ്. വഴിവിളക്കുകള്‍ പ്രകാശിക്കുന്നുമില്ല. സംരക്ഷണ ഭിത്തികളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ല. റോഡില്‍ ദിശാബോര്ഡുകളുമില്ല.കൈപ്പുഴയാറിന്റെ ഒരു കര ആര്‍പ്പൂക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡിലും മറുകര വെച്ചൂര്‍ പഞ്ചായത്തിലുമാണ്.
രണ്ടു പഞ്ചായത്തുകളും സുരക്ഷ ഒരുക്കുന്നില്ല. മെയിന്‍ റോഡില്‍ നിന്നും ബോട്ടില്‍ കയറാന്‍ ചെറുറോഡില്കൂടി 250 മീറ്ററിലധികം സഞ്ചരിച്ചാലേ കൈപ്പുഴ ആറിന്റെ സമീപത്ത് എത്തൂ. അവിടെനിന്നും ഇരുവശങ്ങളിലേക്കും വഴികള്‍ ഉണ്ട്. കൈപ്പുഴയാറിന് നല്ല വീതിയും നല്ല ആഴവും ഉണ്ട്. മാത്രവുമല്ല വേമ്പനാട്ടു കയലിലേക്ക് നല്ല ഒഴുക്കുമുണ്ട്. ജയിംസ് ജോര്‍ജിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ശൈലി രാജേന്ദ്ര സര് ജെയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.