കൊല്ലം: മതിയായ യാത്രക്കാർ ഇല്ലാത്തതിനാൽ എറണാകുളം – യെലഹങ്ക റൂട്ടിൽ സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ സർവീസ് റെയിൽവേ റദ്ദാക്കി. 06101 എറണാകുളം – യെലഹങ്ക ട്രെയിൻ ഇന്ന്, 27, 29 തീയതികളിലാണ് റദ്ദ് ചെയ്തിട്ടുള്ളത്.
തിരികെയുള്ള യെലഹങ്ക – എറണാകുളം (06102) സർവീസ് നാളെ, 28, 30 എന്നീ തീയതികളിലും കാൻസൽ ചെയ്തതായി തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു. അതേ സമയം അമിത ടിക്കറ്റ് നിരക്കാണ് ഈ ട്രെയിനിൽ യാത്രക്കാർ കുറയാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ എന്ന പേരിലാണ് ഉത്സവകാല വണ്ടികൾ ഓടിക്കുന്നത്. ഇത്തരത്തിലെ എക്സ്പ്രസ് ട്രെയിനുകൾക്ക് സാധാരണ നിരക്കിന്റെ മൂന്നിരട്ടിയാണ് ഈടാക്കുന്നത്.
സൂപ്പർ ഫാസ്റ്റ് ആകുമ്പോൾ ടിക്കറ്റ് ചാർജ് അതിലും കൂടും. മാത്രമല്ല പാൻട്രി കാർ അടക്കമുള്ള സൗകര്യങ്ങൾ സ്പെഷൽ ട്രെയിനുകളിൽ ഉണ്ടാകാറില്ല. ബോഗികളിൽ എല്ലായ്പ്പോഴും വെള്ളവും ലഭ്യമല്ല. ഇത്തരം വണ്ടികൾ കൃത്യമായി സമയം പാലിക്കാറില്ലന്നും യാത്രക്കാർ പറയുന്നു.