കുഞ്ഞു മനസിൽ ഉടലെടുക്കുന്ന ഭാവനകൾ വേറെ തലങ്ങളിലേക്കാണ് പോകുന്നത്. ക്ലാസിൽ പലപ്പോഴും അധ്യാപകർ നൽകുന്ന ഹോം വർക്കുകൾ മറക്കാതെ കുട്ടികൾ ചെയ്തുകൊണ്ട് വരാറുണ്ട്. ചില തമാശകളും കുറുന്പുകളുമൊക്കെ ചിലപ്പോൾ അവയിൽ കാണാറുമുണ്ട്. കൗതുകമെന്നു തോന്നുന്നവ അധ്യാപകർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. അത്തരമൊരു എഴുത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ആകുന്നത്.
നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളോട് നിങ്ങളുടെ മഴ അനുഭവത്തെ കുറിച്ച് എഴുതുന്നതിന് അധ്യാപിക ആവശ്യപ്പെട്ടു. എല്ലാവരും ടീച്ചർ പറഞ്ഞതുപോലെ എഴുതിക്കൊണ്ട് വന്നു. എന്നാൽ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തമായിരുന്നു ക്ലാസിലെ ശ്രീഹരി എസ്. എന്ന വിദ്യാർഥി തന്റെ മഴയനുഭവത്തെ കുറിച്ച് എഴുതിയത്. ഉടൻതന്നെ ടീച്ചർ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
കുറിപ്പിന്റെ പൂർണ രൂപം…
ആറാം ക്ലാസ്സിലെ മലയാളം ഓണപ്പരീക്ഷയ്ക്ക് മഴയനുഭവം വിവരിക്കാനോ മറ്റോ ഒരു ചോദ്യം ഉണ്ടായിരുന്നു. ഇന്ന് പരീക്ഷയുടെ ഉത്തരക്കടലാസ് കിട്ടി. കുഞ്ഞൻ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ സന്തോഷം തോന്നി.
മഴത്തുള്ളികളിലെ കപ്പൽ യാത്ര
“മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നു, മഴ വരുകയാണ്. മുത്തു പിടിപ്പിച്ചതുപോലെ ചെളി തൂകിയ വിറകുപുരയ്ക്ക് അഴുക്കിൽ നിന്ന് മുക്തി ലഭിച്ചു.
കുറച്ചുനേരം പുറത്ത് കളിക്കാം എന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കില്ല ഈ മഴ. ഞാൻ അമ്മുമ്മയുടെ അടുത്ത് ചെന്നു. പച്ചത്തവളയുടെ ശാസ്ത്രീയ സംഗീതം തൊടിയിൽ തൂകി നിൽക്കുന്നുണ്ടായിരുന്നു.
ബുക്കിന്റെ പേജുകളെ ഞാൻ കൂട്ടുകാരിൽ നിന്ന് വേർപെടുത്തി. അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പൽ ആവശ്യപ്പെട്ടു. പേപ്പർ മടക്കി മടക്കി അതിനെ അമ്മൂമ്മ ചെറുതാക്കി. ഇതാ! എന്റെ കടലാസ് കപ്പൽ സാഹസത്തിനു തയാറായി.
എന്റെ ഒരു കളിപ്പാട്ടത്തിനെയും പറമ്പിൽ നിന്ന് കിട്ടിയ വെള്ളക്കയെയും ഞാൻ കപ്പിത്താന്മാരായി നിയമിച്ചു. മഴത്തുള്ളികളാൽ രൂപപ്പെട്ട എട്ടാം കടലിലേക്ക് ഞാൻ എന്റെ കപ്പലിനെ അയച്ചു. മഴയുടെ ശക്തി കൂടി. അടുത്തദിവസം പറമ്പിൽ മഴ കൊണ്ട് നിര്യാതരായ എന്റെ കപ്പിത്താൻമാർക്കും തകർന്നുപോയ എന്റെ കപ്പലിനും ഞാൻ ഒരു സല്യൂട്ട് കൊടുത്തു.”
ശ്രീഹരി എസ്
6ബി, ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, നോർത്ത് പറവൂർ.