കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഡിഎൻഎ ഫലം വന്നശേഷം നാളെ കുടുംബാംഗങ്ങൾക്കു വിട്ടുനൽകും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കർവാർ ആശുപത്രിയിലാണു മൃതദേഹമുള്ളത്.
ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. ഡിഎൻഎ പരിശോധനാ ഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്നു ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. ഡിഎന്‍എ പരിശോധന നടത്തണമെന്ന് കുടുംബം ഇന്നലെ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എയോട് ആവശ്യപ്പെട്ടിരുന്നു.മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കും. അർജുൻ ഓടിച്ചി രുന്ന ലോറി കരയ്ക്കെ ത്തിച്ചു. ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ഹാന്‍ഡ് ബ്രെക്ക് ഇട്ട നിലയിലായതിനാല്‍ ടയര്‍ ലോക്കായിട്ടുണ്ട്. ഏറെ ശ്രമകരമായ ജോലിയിലൂടെയാണ് ലോറി കരയ്ക്കെത്തിച്ചത്. ക്രെയിനിലെ വടം പൊട്ടിയതോടെയാണ് ഇന്നലെ ദൗത്യം അവസാനിപ്പിച്ചത്. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
72 ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് ഗംഗാവലി പുഴയിൽനിന്ന് അർജുന്റെ മൃതദേഹവും ലോറിയും ലഭിച്ചത്.
ജൂലൈ 16ന് ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. ഒരു കോടിയോളം രൂപ ചെലവഴിച്ച് കർണാടക സർക്കാർ ഗോവയിൽ നിന്നെത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിലാണു ലോറി പൊക്കിയെടുത്തത്.