മടിക്കൈ: മടിക്കൈ പഞ്ചായത്തിലെ എരിപ്പില്‍, കോടോം-ബേളൂര്‍ പഞ്ചായത്തിലെ ബാനം എന്നിവിടങ്ങളില്‍ മനുഷ്യനിര്‍മിത ഗുഹകള്‍ കണ്ടെത്തി. ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാര്‍ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശന് കാളിയാനം എന്നിവര്‍ നടത്തിയ നിരീക്ഷണങ്ങളിലാണു ഗുഹകള്‍ തിരിച്ചറിഞ്ഞത്.
ചെങ്കല്‍ പാറ തുരന്ന് നിര്‍മിച്ച ഗുഹകള്‍ക്ക് സമീപത്ത് മഹാശില കാലഘട്ടത്തിലെ സംസ്കാരത്തിന്റെ അവശേഷിപ്പുകളായ ചെങ്കല്ലറകള്‍ ഉണ്ടെന്നതും ഗുഹകളുടെ നിര്‍മാണരീതിയും മഹാശില കാലഘട്ടവുമായുള്ള ബന്ധമാണ് വ്യക്തമാക്കുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ മലയോരങ്ങളില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന്റെ ഭാഗമായി രൂപപ്പെട്ട നിരവധി പ്രകൃതിദത്ത ഗുഹകളും ജലസേചനത്തിനായി നിര്‍മിച്ച സുരങ്കകളും സന്യാസിമാര്‍ നിര്‍മിച്ച ഗുഹകളും ഉണ്ടെങ്കിലും നൂറ്റാണ്ടുകള്‍ക്കു മുമ്പ് അധിവാസത്തിന്റെ ഭാഗമായി മനുഷ്യര്‍ നിര്‍മിച്ച ഗുഹകള്‍ ഇതുവരെയും കണ്ടെത്തിയിരുന്നില്ല.
മടിക്കൈ പഞ്ചായത്തിലെ എരിപ്പിലില് അഞ്ചു ഗുഹകളാണു കണ്ടത്തിയത്. ഗുഹകളെല്ലാമുള്ളത് പൊതുസ്ഥലത്താണ്. ബാനത്ത് മൂന്നു ഗുഹകളാണ് മനുഷ്യനിര്മിതമെന്നു തിരിച്ചറിഞ്ഞത്. ഇതില്‍ ഒരു ഗുഹ 25 അടി നീളവും 20 അടി വീതിയുമുള്ളതാണ്.
കണ്ടെത്തിയ ഗുഹകളുടെ ഉള്‍ഭാഗത്ത് അറകളും ഉപ അറകളും കാണപ്പെടുന്നുണ്ട്. മഹാശില സ്മാരകങ്ങള്‍ക്ക് സമീപത്തായി മനുഷ്യനിര്‍മിതമായ ഗുഹകള്‍ കാണപ്പെടുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പഠനവിധേയമാക്കിയാല്‍ കേരളത്തിന്റെ തന്നെ ചരിത്രത്തില്‍ പുതിയ ഏടുകള്‍ ചേര്‍ക്കപ്പെടുമെന്ന് നന്ദകുമാര്‍ പറഞ്ഞു.