ബ്രസൽസ്: പശ്ചിമേഷ്യാ സംഘർഷം വർധിക്കുന്നതിൽ അത്യധികം ഉത്കണ്ഠ പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ഉടൻ വെടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. ബെ ൽജിയം സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെ ബ്രസൽസിലെ കിംഗ് ബൗദുയിൻ സ്റ്റേഡിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ലബനൻ, ഗാസ, പലസ്തീൻ, ഇസ്രയേൽ എന്നിവിടങ്ങളിലെ യുദ്ധത്തിൽ പങ്കാളികളായ എല്ലാവരും ഉടൻ വെടി നിർത്താൻ തയാറാകണം. ബന്ദികളെ മോചിപ്പിക്കണം. സഹായവസ്തുക്കൾ ലഭ്യമാക്കണം.
ലബനനിലെ സംഘർഷവാർത്തകൾ വലിയ വേദനയോടെയും ഉത്കണ്ഠയോടെയുമാണ് കേൾക്കുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം വലിയ ദുരിതമാണു ജനങ്ങൾക്കു നല്കുന്നത്. ദിവസം ചെല്ലുന്തോറും ആളുകൾ കൊല്ലപ്പെടുന്നത് വർധിച്ചുവരുന്നു. യുക്രെയ്ന്റെ കാര്യം മറക്കാനാവില്ലെന്നു പറഞ്ഞ അദ്ദേഹം, യുദ്ധത്തിന്റെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കാൻ ആവശ്യപ്പെട്ടു.
കുർബാനയ്ക്കിടെ നല്കിയ സുവിശേഷ സന്ദേശത്തിൽ സഭാമക്കൾ അതിക്രമങ്ങൾ മറച്ചുവയ്ക്കരുതെന്നും പീഡിതരുടെ ശബ്ദം കേൾക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ സഹായിയും കർമലീത്താ സഭാനവീകരണം ബെൽജിയത്തിലെത്തിച്ച സന്യാസിനിയുമായ ആനി ഓഫ് ജീസസിനെ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി.
ഗർഭച്ഛിദ്രനിയമത്തിൽ ഒപ്പുവയ്ക്കാൻ തയാറാകാതിരുന്ന ബൽജിയത്തിലെ ബൗദുയിൻ രാജാവിന്റെ നാമകരണച്ചടങ്ങുകൾ, താൻ റോമിൽ തിരിച്ചെത്തിയാലുടൻ ആരംഭിക്കുമെന്നു മാർപാപ്പ പ്രഖ്യാപിച്ചു. കുർബാനയിൽ 35,000 പേർ പങ്കെടുത്തു.
ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പ ലുവെയ്ൻ കത്തോലിക്കാ യൂണിവേഴ്സിറ്റി സന്ദർശിച്ച് വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ആദ്യ കത്തോലിക്കാ യൂണിവേഴ്സിറ്റിയാണിത്. ബ്രസൽസിൽനിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി 600-ാം വാർഷികാഘോഷത്തിലാണ്.
46-ാം അപ്പസ്തോലികപര്യടനം പൂർത്തിയാക്കിയ മാർപാപ്പ ഇന്നലെ റോമിലേക്കു മടങ്ങി. ലക്സംബർഗ് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ബെൽജിയത്തിലെത്തിയത്.