കോട്ടയം: വാഹനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു സണ്‍ കണ്ട്രോള് ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി വിധി വന്നതോടെ വാഹന ഉടമകള്‍ക്ക് ആശ്വാസം. ചൂട് വര്‍ധിച്ചുകൊണ്ടിരിക്കെ നേരിയ ആശ്വാസത്തിന് ഇത് ഇടയാക്കും. കോടതി വിധി വന്നതോടെ നിരവധി പേരാണ് വാഹനങ്ങളില്‍ ഫിലിം ഒട്ടിക്കുന്നത്.
വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളില്‍ 70 ശതമാനവും ഇരുവശത്തെയും ഗ്ലാസുകളില്‍ 50 ശതമാനവും പ്രകാശം കടക്കുംവിധം കൂളിംഗ് ഫിലിം ഒട്ടിക്കാമെന്നാണ് വിധി. 2012ല്‍ കറുത്ത ഫിലിം നിരോധിച്ച സുപ്രീം കോടതി വിധിയനുസരിച്ച് ഫിലിമുകള്‍ ഒഴിവാക്കിയവര്‍ വീണ്ടും ഒട്ടിക്കാനുള്ള തയാറെടുപ്പിലാണ്.
കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സണ്‍ കണ്ട്രോള് ഫിലിം ഒഴിവാക്കണമെന്ന നിയമം പ്രാബല്യത്തിലായതോടെ ഫിലിം ഒട്ടിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ അടച്ചൂപൂട്ടിയിരുന്നു.
പിന്നീട് കേന്ദ്ര മാനദണ്ഡം അനുസരിച്ചു സുതാര്യമായ ഫിലിമുകള്‍ ഒട്ടിച്ചിരുന്ന ചില സ്ഥാപനങ്ങള്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. രാത്രിയില്‍ എതിരേ വരുന്ന വാഹനങ്ങളുടെ ശക്തമായ ഹെഡ്ലൈറ്റ് പ്രകാശത്തില്‍നിന്നു രക്ഷ നേടാനും ഇതുപകരിച്ചേക്കും.
പ്രധാനമായും ഹീറ്റ് റിജക്ഷന്, വിസിബിള്‍ ലൈറ്റ് ട്രാന്സ്മിഷന്, യുവി റേയ്സ് റിജക്ഷന് എന്നിങ്ങനെ വിവിധ രീതിയിലുള്ള സണ്‍ ഫിലിമുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇതിന് 1300 രൂപ മുതല്‍ 15,000 രൂപ വരെയാണ് ഈടാക്കുന്നത്.