തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ അന്ത്യയാത്രയുമായി ബന്ധപ്പെട്ട് ശത്രുക്കൾ തെറ്റായ പ്രചരണം നടത്തിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഇപ്പോൾ അത് ഏറ്റുപിടിക്കാൻ ചിലർ രംഗത്തുവന്നിരിക്കുന്നു.
എന്ത് വൃത്തികേടും പറയാം എന്നാണ് അവർ കരുതുന്നത്. അദ്ദേഹത്തോടു പാർട്ടി നീതി കാണിച്ചില്ലെന്നത് നുണ പ്രചാരണമാണ്. മാതൃകാ കമ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്നും എ.കെ.ബാലൻ ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം ഒരു ദേശീയ മാധ്യമത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നല്കിയ അഭിമുഖത്തിലെ മലപ്പുറം സംബന്ധിച്ച പരാമർശത്തെ വക്രീകരിച്ചുള്ള പ്രചാരണമാണ് നടക്കുന്നതെന്നും എ.കെ.ബാലൻ പറഞ്ഞു. അഭിമുഖം ഒന്നുകൂടി വായിക്കണമെന്നും സംഘപരിവാറിനെതിരേ രൂക്ഷമായ നിലപാട് അതിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിനോട് ഒത്തുതീർപ്പില്ലെന്നു മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കരിപ്പൂരിൽനിന്ന് സ്വർണം പിടിച്ചാൽപിന്നെ മലപ്പുറം എന്നല്ലേ പറയേണ്ടത്? തിരുവനന്തപുരത്തുനിന്ന് സ്വർണം പിടിച്ചെന്നു പറഞ്ഞാൽ തിരുവനന്തപുരത്തെ അപമാനിക്കലാണോയെന്നും എ.കെ. ബാലൻ ചോദിച്ചു.