തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി.വി. അൻവർ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം. ആർ. അജിത് കുമാറിനെതിരേ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കൈമാറിയേക്കും.
കണ്ണൂരിൽനിന്നു മുഖ്യമന്ത്രി തിരുവനന്തപുര ത്തെത്തിയ ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക.സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ്, സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡി ഐ ജി തോംസൺ ജോസ്, എസ് പി മധുസൂദനൻ എന്നിവരുടെ നേതൃത്യത്തിലുള്ള സംഘമാണ് അനേഷിച്ചത്.
കഴിഞ്ഞ മാസമാണ് അൻവർ എഡിജിപിക്കെതിരേ സ്വർണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്തു സമ്പാദനം ഉൾപ്പെടെയുള്ള ആരോപങ്ങൾ ഉന്നയിച്ചത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യ മന്ത്രി നിർദേശിച്ചിരുന്നു. എഡിജിപിയെ തത്സ്ഥാനത്തുനിന്നു മാറ്റണമെന്ന് ഡിജിപിയും സർക്കാരിലെ ഘടകകക്ഷി നേതാക്കളും പ്രതിപക്ഷവും ആവശ്യപ്പെട്ടെങ്കിലും മുഖ്യ മന്ത്രി ഇക്കാര്യങ്ങൾ തള്ളുകയും റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ അജിത്കുമാറിനെ ക്രമസമാധാനചുമതലയിൽനിന്ന് മാറ്റിനിർത്തുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ അജിത്കുമാറിനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.