കൈനിറയെ സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടി മഞ്ജു വാര്യർ. മലയാള സിനിമയ്ക്കപ്പുറത്തേക്ക് ഇന്ന് മഞ്ജു വാര്യരുടെ ജനപ്രീതി വളർന്നിരിക്കുന്നു. ‘വേട്ടയാൻ’ ആണ് നടിയുടെ പുതിയ സിനിമ. സൂപ്പർതാരം രജിനികാന്തിനൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്.
ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഒരു അഭിമുഖത്തിൽ തന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് സൂചന നൽകിയിരിക്കുകയാണ് മഞ്ജു വാര്യർ. നടിയുടെ അടുത്തിറങ്ങിയ തമിഴ് ചിത്രം തുനിവിനെക്കുറിച്ച് സംസാരിക്കവെയാണ് നടി ചില സൂചനകൾ തന്നത്.
തുനിവിൽ വലിയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല മഞ്ജു വാര്യരുടേത്. മഞ്ജുവിന്റെ വാക്കുകളിലേക്ക്… ഒരു സീനിൽ ഞാനഭിനയിച്ചത് അത്ര ശരിയായില്ലെന്ന് എനിക്കു തോന്നിയതിനാൽ സംവിധായകൻ എച്ച്. വിനോദിനോട് ഒരു ഷോട്ട് കൂടെ എടുക്കണോ എന്ന് ഞാൻ ചോദിച്ചു. എന്നിൽനിന്ന് എന്താണ് വേണ്ടതെന്നതിൽ അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ഈ സിനിമയ്ക്ക് ഈ ലെവലിലുള്ള പെർഫോമൻസ് മതി എന്ന് പറഞ്ഞു.
ഒരു തമാശയിലാണ് അദ്ദേഹമത് പറഞ്ഞത്. എന്നാൽ ചില പ്രത്യേക തരം സിനിമ ചെയ്യുമ്പോൾ ശ്രദ്ധ എവിടെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തത ആ സംഭവം കാണിച്ചുതന്നു. തന്റെ അടുത്ത പ്രൊജക്ടിൽ പെർഫോമൻസിന് പ്രാധാന്യമുള്ള കഥാപാത്രം എനിക്ക് നൽകുമെന്ന് വിനോദ് ഉറപ്പ് നൽകി- മഞ്ജു വാര്യർ പറഞ്ഞു.
എച്ച്. വിനോദിന്റെ അടുത്ത ചിത്രം ദളപതി 69 ആണ്. ഇതോടെ വിജയ്യുടെ അവസാന ചിത്രത്തിൽ മഞ്ജു വാര്യർ നായികയാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ദളപതി 69 ന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിശങ്കറാണെന്ന് മാത്രമാണ് ഒടുവിൽ പുറത്ത് വന്ന വിവരം. അഭിനേതാക്കളെക്കുറിച്ചോ മറ്റ് ടെക്നീഷ്യൻസിനെക്കുറിച്ചോ വിവരം ലഭിച്ചിട്ടില്ല.
രജിനികാന്ത്, അജിത്ത്, ധനുഷ് എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം ഇതിനകം മഞ്ജു വാര്യർ അഭിനയിച്ച് കഴിഞ്ഞു. ഇനി വിജയ്ക്കൊപ്പം നടി നായികയായെത്തിയാൽ തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളായി മഞ്ജു വാര്യർ മാറും. നടിയുടെ കരിയറിലെ തുടക്ക കാലത്ത് തമിഴിൽനിന്ന് അവസരങ്ങൾ വന്നതാണ്.
കണ്ടു കൊണ്ടെയ്ൻ കണ്ടുകൊണ്ടെയ്ൻ എന്ന സിനിമയിൽ ഐശ്വര്യ റായ് ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് മഞ്ജുവിനെയാണ്. എന്നാൽ ചില കാരണങ്ങളാൽ നടി ഈ സിനിമ ചെയ്തില്ല. സമ്മർ ഇൻ ബദ്ലഹേം ആദ്യം ഷൂട്ട് ചെയ്യാനിരുന്നത് തമിഴിലാണ്. പിന്നീട് ഈ പ്രൊജക്ട് നിന്നുപോകുകയായിരുന്നു.
തമിഴകത്തെ ഇപ്പോഴത്തെ മുൻനിര നായികമാരിൽ പലരും സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നവരല്ല. എന്നാൽ നാഗർകോവിലിൽ ജനിച്ച് വളർന്ന മഞ്ജുവിന് തമിഴ് ഒഴുക്കോടെ സംസാരിക്കാനാകുന്നു. ഇത് നടിക്ക് തമിഴ് സിനിമാ രംഗത്ത് ഏറെ ഗുണം ചെയ്യുന്നു. പ്രൊമോഷൻ ഇവന്റുകൾക്ക് മടി കൂടാതെ എത്തുന്നതും നിർമാതാക്കൾക്ക് മഞ്ജുവിനെ പ്രിയങ്കരിയാക്കുന്നു. ഒക്ടോബർ പത്തിന് വേട്ടയാൻ റിലീസ് ചെയ്യും.
വിടുതലൈ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജു വാര്യരുടെ അടുത്ത തമിഴ് സിനിമകൾ. വിജയ് സേതുപതിയാണ് വിടുതലൈ 2 വിലെ നായകൻ. മിസ്റ്റർ എക്സിൽ ആര്യയും ഗൗതം കാർത്തിക്കുമാണ് നായകൻമാർ. മലയാളത്തിൽ എമ്പുരാനാണ് അണിയറയിൽ ഒരുങ്ങുന്ന മഞ്ജുസിനിമ.