കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവർ അര്‍ജുന്റെ കുടുംബത്തിനുനേരേ നടക്കുന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ലോറി ഉടമ മനാഫിനെ പ്രതിചേര്‍ത്തു.
സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് അര്‍ജുന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. സമൂഹ മാധ്യമങ്ങളില്‍ വന്ന സന്ദേശങ്ങളും കമന്റുകളും പോലീസ് പരിശോധിക്കും.
സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്കുനേരേ ആക്രമണം നടക്കുന്നതായി കാണിച്ച് സഹോദരി അഞ്ജു കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ എ. ഉമേഷിനു കൈമാറിയിരുന്നു.
സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍, കലാപം സൃഷ്ടിക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിവരം പങ്കുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളത്. ചേവായൂര്‍ ഇന്‍സ്പെക്ടര്‍ എസ്. സജീവാണ് കേസ് അന്വേഷിക്കുന്നത്.
ലോറി ഉടമ മനാഫ് അര്‍ജുനെ കാണാതായ ശേഷം യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഈ ചാനലിനെതിരേ അര്‍ജുന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പതിനായിരമായിരുന്നു തുടക്കത്തില്‍ യുട്യൂബ് ചാനലിനു സബ്സ്ക്രൈബോഴ്സ് ഉണ്ടായിരുന്നത്. ഇപ്പോഴത് രണ്ടരലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യം പോലീസിനു മുമ്പാകെ അര്‍ജുന്റെ കുടുംബം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അര്‍ജുന്റെ പേരില്‍ മനാഫ് മുതലെടുപ്പ് നടത്തുകയാണെന്നാണ് ആക്ഷേപം.