അരങ്ങുകളെ അവിസ്മരണീയമാക്കാൻ ജീവൻ തുടിക്കുന്ന വേഷവിധാനങ്ങളൊരുക്കി ശ്രദ്ധേയനാകുകയാണ് തളിപ്പറമ്പ് പുളിമ്പറമ്പ് കരിപ്പൂലിലെ സന്തോഷ് കരിപ്പൂൽ. മുന്നിൽ കാണുന്ന ഏതു രൂപവും വേഷവും അനായാസം നിർമിച്ചെടുക്കാനുള്ള ഇദ്ദേഹത്തിനുള്ള കഴിവാണ് മൂന്നു പതിറ്റാണ്ടായി തുടരുന്ന ഈ കലാ സപര്യയുടെ അടിസ്ഥാനം.
നാട്ടുപാട്ടുകളുടെ ഈണവും താളവും ചുവടുകളും പ്രേക്ഷകമനസിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ പ്രധാന ഘടകമായി മാറുകയാണ് വേദികളെ സജീവമാക്കാൻ ഒരുക്കുന്ന കോലങ്ങളും വേഷങ്ങളും. ഇതെല്ലാം നാടൻപാട്ടരങ്ങുകളുടെ വിജയത്തിന് ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നാടൻ കലാ പരിശീലകനും പാട്ടുകാരനുമായ റംഷി പട്ടുവം പറയുന്നു.
കുട്ടിക്കാലം മുതലേ നാടൻ കലകളോടും നാടകങ്ങളോടും അടങ്ങാത്ത അഭിനിവേശമായിരുന്ന സന്തോഷ് കേരളോത്സവ വേദികളിലൂടെയാണ് കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. സന്തോഷ് പരിശീലിപ്പിച്ച നാടൻപാട്ടുകളും നാടൻനൃത്തങ്ങളും ജില്ലാ സംസ്ഥാനതല കേരളോത്സവങ്ങളിൽ സമ്മാനങ്ങൾ നേടി.
ആദിവാസി ഊരുകളിലുൾപ്പെടെ താമസിച്ച് ചുവടുകളും പാട്ടുകളും ശേഖരിച്ച് അവ പുതുതലമുറയിലേക്ക് പകർന്നു നൽകുകയെന്ന ശ്രമകരമായ ദൗത്യവും സന്തോഷ് നിറവേറ്റുന്നു. കണ്ണൂർ സർവകലാശാല കലോത്സവം, കോഴിക്കോട് സർവകലാശാല കലോത്സവം, കാലടി സംസ്കൃത സർവകലാശാല കലോത്സവം തുടങ്ങിയ മേളകളിൽ സന്തോഷ് പരിശീലിപ്പിച്ച കോളജുകൾ മുന്നിലെത്തിയതോടെ ഇത്തരം കലോത്സവങ്ങളിലെ അനിഷേധ്യ സാന്നിദ്ധ്യമായും സന്തോഷ് മാറി.
തലശേരി ഗവൺമെന്റ് ബ്രണ്ണൻ കോളജിന് വേണ്ടി തുടർച്ചയായ 13 വർഷമാണ് നാടൻ നൃത്തം പരിശീലിപ്പിച്ചത്. ഇതിന്റെ ഫലമായി സർവകലാശാല കലോത്സവത്തിൽ അഞ്ചുതവണ ഒന്നാം സ്ഥാനമുൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടാൻ ഇടയായി. കൂടാതെ ദേശീയ തലത്തിൽ രണ്ടാംസ്ഥാനം നേടി ഏഷ്യൻ കൾച്ചറൽ ഫെസ്റ്റിൽ അവതരിപ്പിക്കാനും സാധിച്ചു.
തളിപ്പറമ്പ് കരിപ്പൂൽ കേന്ദ്രമാക്കി നാട്ടിലെ കലാകാരന്മാരെ പങ്കെടുപ്പിച്ച് നാടൻ കലാസംഘം രൂപീകരിച്ച് വേദികളിൽ നാടൻ കലാമേള അവതരിപ്പിച്ചു വരുന്നുണ്ട്. ഇതിനിടയിലാണ് മയ്യിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുട്ടികളുടെ തിയറ്റർ ഗ്രൂപ്പായ ഒറപ്പടി കലാ കൂട്ടായ്മയുടെ കലാ പരിശീലകനായത്.
മുപ്പതിലധികം കുട്ടികൾ അരങ്ങിലെത്തുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള നാടൻ കലാവിരുന്ന് കേരളത്തിനകത്തും പുറത്തും അവതരിപ്പിക്കുന്നതിന് നേതൃത്വം നൽകി വരികയാണിപ്പോൾ. മൺമറഞ്ഞ നാടൻപാട്ടുകലാകാരൻ ഷാജു പനയൻ നേതൃത്വം നൽകുന്ന സൗപർണിക കലാവേദിയിൽ കൊറിയോഗ്രാഫറും പെർഫോർമ മറും കൂടിയാണ് സന്തോഷ്.
ഇതോടെയാണ് നാടൻ പാട്ടരങ്ങുകൾക്കാവശ്യമായ വേഷവിധാനങ്ങളും അണിയലങ്ങളും നിർമിക്കാൻ തുടങ്ങിയത്.
ചവിട്ടുനാടകങ്ങളുടെ വർണപ്പകിട്ടുള്ള വേഷവിതാനങ്ങളൊരുക്കാൻ സന്തോഷിന് പ്രത്യേക കഴിവാണ്. കേരളത്തിലെ മികച്ച നാടൻകലാ സംഘങ്ങളായ ആലപ്പുഴ ഇപ്റ്റ, തിരുവനന്തപുരം തനിമ, കണ്ണൂർ അഥീന ഉൾപ്പെടെയുള്ള നിരവധി നാടൻകലാ സംഘങ്ങൾക്ക് ആവശ്യമായ രൂപങ്ങളും വേഷങ്ങളും അണിയലങ്ങളും ഒരുക്കി നൽകുന്നത് ഈ കലാകാരനാണ്.
കാളി, ദാരികൻ, യക്ഷിക്കോലം, നാഗകാളി തിറ, ഓണപ്പൊട്ടൻ, പന്തക്കാളി, കരിങ്കാളി, പൂതനും തിറ, ചെങ്കോലം, കരിക്കോലം, രുദ്രകാളി, വട്ട മുടിക്കോലം, കുട്ടിച്ചാത്തൻ തിറ, കാലൻ, വേൽമുരുഗൻ, മയിലാട്ടം, പരുന്താട്ടം, പൊയിക്കാൽ കുതിര, പടയണി, തീക്കാളി, മഞ്ഞക്കാളി, കലിച്ചിത്തിറ, പാക്കനാരാട്ടം തുടങ്ങി നിരവധി വേഷങ്ങളും രൂപങ്ങളും ഇദ്ദേഹം ഒരുക്കുന്നുണ്ട്. ഈ അതുല്യ കലാകാരന് കേരള ഫോക്ലോർ അക്കാദമി അവാർഡ്, ദളിത് സാഹിത്യ അക്കാദമി വേദവ്യാസപുരസ്കാരം, അംബേദ്കർ നാഷണൽ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളുടെയും പരസ്യചിത്രങ്ങളുടെയും കലാസംവിധായകനായും നൃത്ത സംവിധായകനായും അഭിനേതാവായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യുവാക്കളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രമേയവുമായി 2023 ൽ തിയറ്ററിൽ എത്തിയ “വെളുത്ത മധുരം’ സിനിമയുടെ കലാസംവിധായകനായും 2024ൽ തിയsറ്ററിലെത്തിയ “ശ്രീ മുത്തപ്പൻ’ സിനിമയുടെ നൃത്ത സംവിധായകനായും പ്രവർത്തിച്ച ഈ കലാകാരൻ നിരവധി ജില്ലാ സംസ്ഥാനമേളകളിലും വിധി കർത്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ഈ നാൽപ്പത്താറുകാരന്റെ കലാ പ്രവർത്തനത്തിന് പൂർണ പിന്തുണയുമായി ഒപ്പമുള്ളത് ഭാര്യ നീതു ആണ്. പരേതനായ കണ്ണൻ വിശ്വകർമന്റെയും എം. ഗൗരിയുടെയും മകനാണ് സന്തോഷ്.
പീറ്റർ ഏഴിമല