തിരുവനന്തപുരം: എൽഡിഎഫിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ലെന്നും എന്നാൽ അവരെ അകറ്റാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ.
ഇത്തരം നീക്കങ്ങൾ അത് വിലപ്പോകില്ലെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.ദി ഹിന്ദു പത്രത്തിലെ പരാമർശം മുഖ്യമന്ത്രി നടത്തിയിട്ടില്ല. പത്രം അതിൽ ഖേദം പ്രകടിപ്പിച്ചതാണ്.
എന്നിട്ടും വിവാദം ഉണ്ടാക്കുന്നത് ശരിയല്ലാത്ത രീതിയാണ്. പാർട്ടിയും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ നിലപാട് അറിയിച്ചതാണ്. ഇതിൽ മറ്റൊരു വ്യക്തത ആവശ്യമില്ലെന്നും മാധ്യമങ്ങളോടു സംസാരിക്കവേ ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.
കേന്ദ്രത്തിനെതിരെയും ടി.പി.രാമകൃഷ്ണൻ വിമർശനം ഉന്നയിച്ചു. കേന്ദ്രം കേരളത്തിലെ ജനങ്ങളെ ഉപദ്രവിക്കുകയാണ്. കേരളത്തിന് അർഹമായത് കിട്ടരുത് എന്നാണ് ബിജെപി നിലപാട്.
ഒരു വാക്ക് പോലും കേരളത്തിന് അനുകൂലമായി നടത്താത്തയാളാണ് വി.മുരളീധരൻ. സംസ്ഥാന സർക്കാറിനോടുള്ള എതിർപ്പിൽ കേന്ദ്രം ജനങ്ങളെ ഉപദ്രവിക്കുകയാണ്. അതിന് നേതൃത്വം കൊടുക്കുന്നയാളാണ് മുരളീധരനെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.അതേസമയം മന്ത്രി മാറ്റം സംബന്ധിച്ച കാര്യങ്ങൾ എൻസിപി എൽഡിഎഫിൽ ഉന്നയിച്ചിട്ടില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.